വിലങ്ങാട്…മലനിരകളാല്‍ മനോഹരമായ നാട്ടില്‍ ഇന്ന് കണ്ണീര് തെളിനീരായി ഒഴുകുകയാണ്. ഓടിക്കളിച്ച വീട്ടുമുറ്റം തേടി കുരുന്നുകള്‍, മണിക്കൂറുകള്‍ക്ക് മുന്‍പ് അന്തിയുറങ്ങിയ വീട് തേടി അലയുന്ന മാതാപിതാക്കള്‍… കണ്ണീരണിയാതെ കാണാനാവില്ല ഇപ്പോള്‍ വിലങ്ങാടുകാരെ. ഇഷ്ടഭൂമിയില്‍ ജീവിച്ചവര്ക്കുമേല് ഇടിത്തീയായാണ് ഉരുള്‍പൊട്ടല്‍ എന്ന ദുരന്തം വന്നുഭവിച്ചത്. ആ മുറിവ് ഉണങ്ങിയിട്ടില്ല. അടുത്തെങ്ങും ഉണങ്ങുകയുമില്ല.
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ തൂണേരി ബ്ലോക്കില്‍ വാണിമല്‍ പഞ്ചായത്തില്‍ പെടുന്ന മൂന്ന് വില്ലേജുകളിലൊന്നാണ് വിലങ്ങാട്. എന്നാൽ, ചരിത്രത്തില്‍ ഇനി വിലങ്ങാടിനെ ഓര്‍ക്കുക ഉരുള്‍പൊട്ടല്‍ തർത്തെറിഞ്ഞ നാട് എന്ന പേരിലായിരിക്കും. കൈപിടിച്ചുയര്‍ത്താനുള്ള ശ്രമം പലരീതിയില്‍ തുടരുമ്പോഴും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിലാണ് പലരും.
ഒരാളുടെ ജീവനേ പ്രകൃതിയുടെ കലിതുള്ളലില്‍ നഷ്ടപ്പെട്ടുള്ളുവല്ലോ എന്നാശ്വസിക്കുമ്പോഴും ജീവന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുടെ മനസിനുണ്ടായ ആഘാതം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കുകതന്നെ അസാധ്യം.
മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നൽകുകയെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. നൂറോളം ഇടങ്ങളില്‍ ചെറിയ ഉരുള്‍പൊട്ടലും 24 ഇടങ്ങളില്‍ വലിയ ഉരുള്‍പൊട്ടലുമാണ് ഉണ്ടായതെന്ന് ഡ്രോണ്‍ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.
പേര്യ വനത്തിൽനിന്ന് ആര്‍ത്തലച്ചെത്തിയ ദുരന്തം
വയനാട് മലനിരകളോട് ചേർന്ന പേര്യ വനത്തിൽനിന്നാണ് വിലങ്ങാട് ഉരുൾപൊട്ടലിന്റെ തുടക്കം. ഉരുൾപൊട്ടിയ ഭാഗങ്ങൾ മലനിരകളിൽ കിലോമീറ്ററുകൾ അകലെനിന്ന് കാണാം. രണ്ടാമത് ഉരുൾ വലിയ പാനോം മലയിൽ നിന്നുമുണ്ടായി. വായാട് നിവാസികളാണ് പുഴയിലെ അസാധാരണ ശബ്ദം ആദ്യം തിരിച്ചറിയുന്നത്. പാറക്കല്ലുകൾ കുരിരുട്ടിൽ ഒഴുകിപ്പോകുന്നത് കേട്ടാണ് ഉരുളിന്റെ വരവ് അറിഞ്ഞത്. ഉടൻതന്നെ വിലങ്ങാട് ടൗണിനെ ലക്ഷ്യമാക്കി മലയിറങ്ങി വരുന്ന വെള്ളപ്പാച്ചിലിനെക്കുറിച്ച് നാട്ടുകാർ വിവരം നൽകി. വിവരം ലഭിച്ചവർ സമൂഹ മാധ്യമങ്ങൾ വഴിയും ഫോൺ വഴിയും സന്ദേശം കൈമാറി.
വിലങ്ങാട് ഉരുൾപൊട്ടലിൽ ആൾ നാശം കുറയ്ക്കുന്നതിന് ഇടയാക്കിയത് നാട്ടുകാർ നൽകിയ ഇത്തരം സന്ദേശങ്ങളായിരുന്നു. ഉരുൾപൊട്ടലിന്റെ മുമ്പത്തെ ദിവസം രാവിലെ മുതൽ വിലങ്ങാട് കനത്ത മഴയായിരുന്നു. രാത്രി 11 മണിക്കുതന്നെ പുഴയിലെ വെള്ളത്തിന്റെ അസാധാരണ മാറ്റം ചിലരുടെ ശ്രദ്ധയിൽപെട്ടിരുന്നു. വെള്ളം കയറി തുടങ്ങിയതോടെ വായാട് നിന്നുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. കുടുംബങ്ങൾ മറ്റ് വീടുകളിലേക്ക് മാറി ഏതാനും സമയത്തിനകം കൂറ്റൻ പാറകളും മരങ്ങളും വെള്ളവും ഒലിച്ചിറങ്ങുകയുണ്ടായി.
വായാട് പാലവും പമ്പ് ഹൗസും കെഎസ്ഇബി റോഡും ഹെക്ടർ കണക്കിന് കൃഷിയിടവും ഉരുളിൽ ഒലിച്ച് പോയി. വായാട് പ്രദേശത്തെയും വിലങ്ങാടുമായി ബന്ധിപ്പിക്കുന്ന ഏക മാർഗമാണ് പാലം. പാലം ഇല്ലാതായതോടെ നാല് ദിവസത്തോളം മേഖലയിലുള്ളവർക്ക് പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. നാട്ടുകാർ താൽകാലിക പാലം നിർമിച്ചാണ് പുറത്തേക്ക് കടന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് പുഴ ഗതി മാറി ഒഴുകിയ ഭാഗത്താണ് കെഎസ്ഇബി റോഡും ഏഴോളം വീടുകളുമുണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിൽ ഈ ഭാഗം പൂർണമായും പുഴയെടുത്തു. മഞ്ഞച്ചീളിയിൽ മൂന്നാമതുണ്ടായ ഉരുളാണ് 13 ഓളം കുടുംബങ്ങളുടെ കണ്ണീരായി മാറിയത്. വീടുകളും കൃഷിയിടവും സർവവും പുഴയെടുത്തു. കുരിശുപള്ളിയും കടകളും ഒലിച്ചുപോയി.
കൂടുതല്‍ ജീവന് നഷ്ടപ്പെടാതിരുന്നത് ഭാഗ്യം കൊണ്ട്
സമീപത്തെ കോൺക്രീറ്റ് റോഡ് ഒലിച്ച് പോയതിനാൽ മുകൾഭാഗത്തെ കുടുംബങ്ങളുടെ വാഹനങ്ങളും മറ്റും പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല. മഞ്ഞച്ചീളിയിൽ തകർന്ന പ്രധാന പാതയിൽ താൽകാലിക സംവിധാനം ഒരുക്കിയാണ് ഇരുഭാഗത്തേക്കും യാത്ര ചെയ്യുന്നത്. മലയോരത്ത് മഴ ശക്തമായാൽ പാലത്തിന്റെ നിലനിൽപ് ഭീഷണിയിലാണ്.
മഞ്ഞച്ചീളിയിലെ തകർന്ന വീടുകൾക്ക് ചുറ്റും എസ്കലേറ്ററുകൾ എത്തിച്ച് ബാക്കിയായ വിലപിടിപ്പുള്ള സാധനങ്ങൾ കണ്ടെത്താനുള്ള പ്രതീക്ഷയോടെ തെരയുകയാണ്. 50 ഓളം പേർക്കാണ് ഇവിടെനിന്നും വീടുകൾ മാറിയതിനാൽ ജീവൻ തിരിച്ച് കിട്ടിയത്. വിലങ്ങാട് ഉരുൾ പൊട്ടലിന്റെ ഉറവിടം തേടി അധികൃതർ മലകയറിയിട്ടുണ്ട്.
118 വീടുകള്‍ പുനര്‍നിര്‍മിക്കണം
വാണിമേല്‍ പഞ്ചായത്ത് അധികൃതര്‍ നല്കുന്ന കണക്ക് പ്രകാരം 118 വീടുകള്‍ വാസയോഗ്യമില്ല. ഇതില്‍ 59 വീടുകള്‍ പൂര്‍ണമായും നാമാവശേഷമായതാണ്. പാനോം, മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, ആനക്കുഴി എന്നിവിടങ്ങളിലുള്ള വീടുകളാണ് വാസയോഗ്യമല്ലാതായത്. പ്രധാനപാതയായ കൊളങ്ങരത്ത്-വാളുക്ക്-വിലങ്ങാട് റോഡ്, കരുകുളം-വിലങ്ങാട്-പാനോം -പുല്ലുവ റോഡ് മലയോര ഹൈവേയുടെ ഭാഗമായി കെആർഎഫ്ബിയുടെ കൈവശമാണുള്ളത്. ഈ ഭാഗത്താണ് നാശനഷ്ടം കൂടുതലുണ്ടായത്.
പൊതുമരാമത്ത്, കെആർഎഫ് ബി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. വിലങ്ങാട് ടൗൺ മുതൽ മുച്ചങ്കയം പാലം വരെയുളള തകർന്ന് കിടക്കുന്ന കലുങ്കുകൾ മാറ്റി പണിയേണ്ടതുണ്ട്. ഉരുളിൽ ഇടിഞ്ഞ് താണ ഭാഗങ്ങൾ അപകട ഭീഷണി ഉയർത്തുന്നതിനാൽ സംരക്ഷണ ഭിത്തിയും ഒരുക്കേണ്ടതുണ്ട്.
ഉരുൾപൊട്ടൽ മേഖലയിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് പഠനം ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത സംബന്ധിച്ച് വിവരങ്ങൾ അധികൃതർ ശേഖരിച്ച് വരികയാണ്.
ഇ.അനീഷ്