പത്തനംതിട്ട: ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്ത് വച്ച് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തള്ളി ലോഡ്ജുടമ. ജസ്നയോ ആ കുട്ടിയോട് സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്ന് ലോഡ്ജുടമ പ്രതികരിച്ചു.
തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് മുന്നില്‍ താന്‍ ഇതേകാര്യമാണ് പറഞ്ഞതെന്നും ലോഡ്ജുടമ പറഞ്ഞു. ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടതിനാണ് യുവതി തനിക്കെതിരേ തിരിഞ്ഞത്. അവരുടെ പെരുമാറ്റം ശരിയായിരുന്നില്ല. അതിനാലാണ് ജോലിയിൽ നിന്നും പിരിച്ച് വിട്ടത്.
ജോലി നഷ്ടമായതിലുള്ള വൈരാഗ്യം മൂലമാണ് ഇപ്പോൾ ഇത്തരത്തിലൊരു ആരോപണവുമായി അവർ മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്. ‘ജാതിപ്പേര് വിളിച്ചെന്ന് ആരോപിച്ച് എനിക്കെതിരേ അവര്‍ കേസ് കൊടുത്തിട്ടുണ്ട്. ഒരു വിവരാവകാശ പ്രവര്‍ത്തകനാണ് ഇതിന് പിന്നിലെന്നും ലോഡ്ജ് ഉടമ വ്യക്തമാക്കി.
ജസ്ന എന്നു പറഞ്ഞ പെൺകുട്ടി ഇവിടെ വന്നിട്ടില്ല. എന്റെ ഓര്‍മ്മയില്‍ ഇല്ല. നേരത്തെ അഞ്ചോ ആറോ ഉദ്യോഗസ്ഥര്‍ വന്ന് അന്വേഷിച്ചിരുന്നു. അഞ്ച് ലക്ഷവും വീടും കൊടുത്തില്ലെങ്കില്‍ എന്നെ തീര്‍ക്കുമെന്നാണ് ആ സ്ത്രീ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.