പാലക്കാട്: പലിശ സംഘത്തിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ. മനോജ് (39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഞായർ രാവിലെയാണ് മരണം സംഭവിച്ചത്.
ഈമാസം ഒന്‍പതിന് കുളവന്‍മുക്കിലെ സാമ്പത്തിക ഇടപാടുകാര്‍ മനോജിനെ ആക്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്കിയ മൊഴി. കടംനല്‍കിയ പണം തിരിച്ചുകിട്ടാന്‍ വൈകുന്നതിനെ ചൊല്ലിയായിരുന്നു ആക്രമണം. അന്നേ ദിവസം വൈകുന്നേരം അവശനിലയിൽ സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് മനോജ് എത്തി നടന്ന സംഭവം അറിയിച്ചു.
ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെ ഉടൻതന്നെ സഹോദരി മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മരണ കാരണമാവുന്ന നിരവധി പരിക്കുകള്‍ മനോജിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പോലീസിനോട് പറഞ്ഞു.
മനോജിന്റെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദിച്ചവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പുതുനഗരം കുഴല്‍മന്ദം പോലീസ് അറിയിച്ചു.