പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരേ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാര്‍ട്ടിയുടെ താക്കീത്. കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ കെ.കെ. ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍ ഓടയുടെ ഗതി മാറ്റിമറിച്ചതായി ശ്രീധരന് മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും പരസ്യമായി. കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയം ചര്‍ച്ചയ്ക്കു വന്നത്. കൊടുമണ്‍ ഏരിയ സെക്രട്ടറി എ.എന്‍. സലീം ഉള്‍പ്പെടെയുള്ളവര്‍ ശ്രീധരനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഭൂരിഭാഗം പേരും ഇതിനോടു യോജിച്ചില്ല. പാര്‍ട്ടിയിലെ സീനിയര്‍ അംഗം കൂടിയായ ശ്രീധരന് ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ നടപടി വേണ്ടെന്നും പരസ്യ പ്രസ്താവനയുടെ പേരില്‍ താക്കീത് ആകാമെന്നും ഭൂരിഭാഗം അംഗങ്ങളും പറഞ്ഞു. തുടര്‍ന്നാണ് വിഷയം അവസാനിപ്പിക്കാനും ഇനി പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നും ശ്രീധരനെ താക്കീത് ചെയ്തത്.
ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മാണത്തിനിടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ നിര്‍മാണത്തിന്റെ ഗതി ജോര്‍ജ് ജോസഫ് മാറ്റുന്നതായാണ് ശ്രീധരന് ആരോപിച്ചത്. കൊടുമണ്ണില്‍ ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുമ്പിലെ ഓടയാണ് ഗതി മാറ്റിയതായി ആരോപണമുണ്ടായത്.
ജില്ലാ സെക്രട്ടറി സ്ഥലത്ത് എത്തി വിവാദസ്ഥലത്ത് ഓട പണി ആരംഭിക്കാന്‍ നിര്‍ദേശം കൊടുത്തതോടെയാണ് എതിര്‍പ്പുമായി കെ.കെ. ശ്രീധരന് മുന്നോട്ടുവന്നത്. തുടര്‍ന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസും എത്തി. ഓടയുടെ അലൈന്മെന്റ് മാറ്റിയത് സിപിഎമ്മില്‍ ഭിന്നത രൂക്ഷമാക്കിയിരുന്നു.
അലൈന്മെന്റില് മാറ്റമില്ലെന്ന് ഉദ്യോഗസ്ഥര്‍
ഏഴംകുളം – കൈപ്പട്ടൂര്‍ റോഡില്‍ ഓടനിര്‍മാണം വിവാദമായ സ്ഥലത്ത് അലൈന്മെന്റില് മാറ്റമുണ്ടായിട്ടില്ലെന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിനുശേഷം വ്യക്തമാക്കിയിരുന്നു.
റോഡരികിലെ ഒരു ട്രാന്‍സ്ഫോര്‍മര്‍ സംരക്ഷിച്ചു നിര്‍ത്തിയാണ് ഓട പണിതത്. ഇതാണ് അലൈന്മെന്റില് മാറ്റമുണ്ടെന്ന തരത്തില്‍ സംശയം ഉണ്ടാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ കെട്ടിടം സംരക്ഷിക്കാന്‍ സംസ്ഥാന പാതയുടെ ഓടയുടെ അലൈന്മെന്റില് മാറ്റം വരുത്തിയെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ കൊടുമണ്ണില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെ സമരപരിപാടികള്‍ കോണ്‍ഗ്രസ് നടത്തി.
12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ ഓട നിര്‍മാണത്തിന്റെ ഗതിമാറ്റിയാല്‍ റോഡിന്റെ വീതി കുറയുമെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങള്‍ നടന്നത്. തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ പോലീസ് സാന്നിധ്യത്തിലാണ് ഓട പണി പൂര്‍ത്തിയാക്കിയത്. 40 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം നടക്കുന്നത്.