ജയരാജന്റെ പകരക്കാരന്‍ മണിയാശാന്‍? എങ്കില്‍ സംഭവം അടിപൊളിയാകുമെന്ന് സോഷ്യല്‍മീഡിയ, കണ്ണൂര്‍ ലോബിയുടെ പിടിവലിയില്‍ മണിയാശാന്‍ ഇത്തവണയും വീഴുമോ?

mlaബന്ധുനിയമനത്തില്‍ അടിപതറിയ മന്ത്രി ഇ.പി. ജയരാജന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. ചിറ്റപ്പന്‍മന്ത്രിക്കു പകരക്കാരനായി ആരെത്തുമെന്നറിയാന്‍ പാര്‍ട്ടി അണികള്‍ക്കൊപ്പം സോഷ്യല്‍മീഡിയയും ആകാംക്ഷയിലാണ്. ഉടുമ്പഞ്ചോല എംഎല്‍എയും സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുമായി എം.എം. മണിയുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സമയത്ത് മണിയെ മന്ത്രിസഭയിലുള്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ വണ്‍, ടൂ, ത്രീ പ്രസംഗം മണിയാശാന് വിലങ്ങുതടിയാകുകയായിരുന്നു.

എന്നാല്‍, കണ്ണൂര്‍ ലോബി പുതിയ മന്ത്രിസ്ഥാനം തങ്ങള്‍ക്കുവേണമെന്ന പിടിവാശിയിലാണ്. കണ്ണൂരില്‍നിന്നുള്ള ഇ.പി പുറത്തുപോകുമ്പോള്‍ പകരം മറ്റൊരു കണ്ണൂരുകാരന്‍ വരണമെന്നാണ് ഇവരുടെ വാദം. തലശേരി എംഎല്‍എ എഎന്‍ ഷംസീറിനെ മന്ത്രിസ്ഥാനത്തേയ്ക്ക് കണ്ണൂരുനിന്നുള്ള ചില നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും സൂചനയുണ്ട്. ഷംസീറിന് കോടിയേരിയുമായുള്ള അടുപ്പവും ഈ വഴിക്കുള്ള ആലോചനകള്‍ക്ക് വഴിമരുന്നിടുന്നുണ്ട്. അതേസമയം, കണ്ണൂരുനിന്നുള്ള നേതാക്കള്‍ക്ക് മന്ത്രിസഭയിലുള്ള കൂടിയ പ്രാതിനിധ്യം സിപിഎമ്മിലെ തെക്കന്‍ വിഭാഗത്തില്‍ നേരത്തെ തന്നെ അതൃപ്തിയുണ്ടാക്കിയിരുന്ന നിലയ്ക്ക് തെക്കന്‍ ജില്ലയില്‍നിന്നുള്ള ഒരു മന്ത്രിക്കാണ് സാധ്യതയെന്ന് കരുതുന്നവരുമുണ്ട്.

വൈപ്പിന്‍ എംഎല്‍എ എസ്. ശര്‍മയും സാധ്യത പട്ടികയിലുണ്ട്. എന്നാല്‍ വി.എസ് പക്ഷക്കാരനാണെന്നത് ശര്‍മയുടെ സാധ്യതയ്ക്കു മങ്ങലേല്പിക്കുന്നു. പകരം മന്ത്രി വേണ്ടെന്ന വാദവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. പകരം, വ്യവസായ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ മന്ത്രി ബാലന് ചുമതല നല്‍കുകയോ ചെയ്യാമെന്നണ് ഒരു വാദം. ഇപിയില്ലെങ്കില്‍ ഒരു രസമില്ലെന്നാണ് സോഷ്യല്‍മീഡിയയില്‍ വരുന്ന കമന്റ്.

Related posts