കൊല്ലം : ട്രെയിനുകളുടെ വരവും പോക്കും അടക്കമുള്ളതിന്റെ സമയം കൃത്യമായി രേഖപ്പെടുത്തുന്നതിന് റെയിൽവേയിൽ പുതിയ സംവിധാനം നിലവിൽ വരും. നിലവിലുള്ള മാനുവൽ ടൈം കീപ്പിംഗ് സംവിധാനം മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. പകരം മാസ്റ്റർ ക്ലോക്ക് സംവിധാനം വികസിപ്പിച്ചെടുക്കും.
ഇതിന് മുന്നോടിയായുള്ള സാങ്കേതിക പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഒക്ടോബർ രണ്ട് മുതൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ എല്ലാ റെയിൽവേ സോണുകളിലെയും നെറ്റ് വർക്കിൽ ഉടനീളമുള്ള ആപ്ലിക്കേഷനുകളിലും സിസ്റ്റങ്ങളിലും സമയം ഏകീകരിച്ച് സമന്വയിപ്പിക്കുന്നതിനാണ് മാസ്റ്റർ ക്ലോക്ക് സംവിധാനം നടത്തുന്നത്.
സാധാരണഗതിയിൽ വണ്ടികൾ വരുമ്പോഴും പുറപ്പെടുമ്പോഴും സ്റ്റേഷൻ മാസ്റ്റർമാർ സമയം രേഖപ്പെടുത്തുന്നത് ക്ലോക്കും വാച്ചുമൊക്കെ ആശ്രയിച്ചാണ്. ഇതിൽ ഒട്ടും ക്ലിപ്തത ഇല്ലാത്തതിനാലാണ് സംവിധാനത്തിൽ അടിയന്തരമായി മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചത്.
തീവണ്ടി അപകടങ്ങൾ നടക്കുമ്പോഴും വിവിധ വകുപ്പ് മേധാവികൾ നൽകുന്ന റിപ്പോർട്ടുകളിലും സമയത്തിന്റെ കാര്യത്തിൽ അവ്യക്തതയുണ്ട്. അത് കൂടി പരിഹരിക്കുക എന്ന ഉദ്ദേശം കൂടി മാസ്റ്റർ ക്ലോക്ക് സംവിധാനം ഏർപ്പെടുത്തുന്നതിന് പിന്നിലുണ്ട്.
അപകടത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് കൃത്യമായ സമയം സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യം വരെ സമീപകാലത്ത് ഉണ്ടായി. സ്റ്റേഷൻ മാസ്റ്റർമാരും ലോക്കോ പൈലറ്റുമാരും ഗാർഡുമാരും നൽകിയ വിശദീകരണങ്ങളിൽ സമയത്തിന്റെ കാര്യത്തിൽ കാര്യമായ പൊരുത്തക്കേടുകൾ ബോധ്യപ്പെടുകയുണ്ടായി. ഇതുകൂടി പരിഗണിച്ചാണ് ഏകീകൃത സമയക്രമത്തിലേക്ക് മാറാൻ തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്. സെക്ഷൻ കൺട്രോളർമാരുടെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ മാസ്റ്റർമാർ സമയം നിശ്ചയിക്കുന്ന നിലവിലെ മാനുവൽ രീതി ആദ്യപടിയായി എത്രയും വേഗം ഒഴിവാക്കും.
മാസ്റ്റർ ക്ലോക്ക് സംവിധാനത്തിന്റെ രൂപകൽപ്പന പൂർത്തിയായി കഴിഞ്ഞു. റെയിൽവേയുടെതന്നെ റിസർച്ച് വിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനായിരുന്നു ഇതിന്റെ ഏകോപന ചുമതല. മേൽനോട്ടത്തിനായി ഉന്നതതല സമിതിയെയും രൂപീകരിച്ചിരുന്നു.
റെയിൽവേ ബോർഡിന്റെ ടെലികമ്യൂണിക്കേഷൻസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുതിയ സംവിധാനത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട പഠനവും സമാന്തരമായി നടത്തുന്നുണ്ട്. തുടർന്നായിരിക്കും സമയ ഏകീകരണം അന്തിമമായി പ്രാബല്യത്തിൽ വരിക.
എസ്.ആർ. സുധീർ കുമാർ