റാന്നി: അത്തിക്കയത്തെ പച്ചപുതച്ച ജെജെ ഗാര്‍ഡനില്‍ ഇപ്പോള്‍ കായ്കളുടെ വര്‍ണവസന്തം. കെ.എസ്. ജോസഫിന്റെ ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടത്തില്‍ വിളവെടുപ്പു കാലമാണിത്. 2017ല്‍ തുടങ്ങിയ കൃഷിയില്‍നിന്നും ഏറെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജോസഫും കുടുംബവും ജെജെ ഗാര്‍ഡനെ പരിപാലിക്കുമ്പോള്‍ പ്ലാന്റേഷന് തുടക്കത്തിലെ നാല് ഏക്കറില്‍നിന്നും പത്ത് ഏക്കറായി വളര്‍ന്നു. ഇതോടൊപ്പം ജെജെ യുടെ സ്വന്തം ഡ്രാഗണ്‍ പഴങ്ങള്‍ ഗള്‍ഫിലേക്കും കയറ്റുമതി ചെയ്തു തുടങ്ങി. ഒമാനിലാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതെങ്കിലും പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ആദായം മാത്രം പ്രതീക്ഷിച്ചല്ല, താന്‍ ഡ്രാഗണ്‍ കൃഷിയിലേക്കു കടന്നതെന്നു ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍നിന്നു വിരമിച്ച ജോസഫ് പറഞ്ഞു. പ്രകൃതിയോടു ചേര്‍ന്നുള്ള കൃഷിയോടാണ് താത്പര്യം. തികച്ചും ജൈവരീതിയില്‍ ഉത്പാദിപ്പിച്ച് വിളവെടുക്കുമ്പോള്‍ കിട്ടുന്ന ആനന്ദമാണ് ഇതില്‍ പ്രധാനം.
കിട്ടുന്ന വരുമാനത്തില്‍നിന്നും നല്ലാരു വിഹിതം വീണ്ടും ഓരോ വര്‍ഷവും കൃഷിയിലേക്കിറക്കാറുണ്ട്. നിരവധി ഇനങ്ങള്‍ തോട്ടത്തിലുണ്ടെങ്കിലും 99 ശതമാനവും ഔഷധ ഗുണമേറിയ മലേഷ്യന്‍ റെഡ് ഇനമാണ് കൃഷി ചെയ്തിരിക്കുന്നത്. ഇതിനാണ് വിദേശത്തും നാട്ടിലും പ്രിയം കൂടുതല്‍.
പ്ലാന്റേഷന് കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകളെത്തുന്നുണ്ട്. എത്തുന്നവര്‍ ജോസഫില്‍നിന്നും ഇതു സംബന്ധിച്ച് നിരവധി വിവരങ്ങള്‍ തേടിയാണ് മടങ്ങുന്നത്. സ്വന്തം തോട്ടം പരിപാലിക്കുന്നതോടൊപ്പം ആവശ്യപ്പെടുന്നവര്‍ക്ക് ഏക്കര്‍ കണക്കിന് ഡ്രാഗണ്‍ പ്ലാന്റ് ചെയ്തു നല്‍കുന്നതിനുള്ള സംവിധാനങ്ങളും ഉണ്ട്.
ജൈവരീതിയില്‍ നന്നായി പരിപാലിച്ച് വിളവെടുക്കുന്ന മാതൃകാ കര്‍ഷകനായ കെ.എസ്. ജോസഫിനെത്തേടി നിരവധി അംഗീകാരങ്ങളാണ് ഇതിനോടകം എത്തിയത്.
രാഷ്ട്രദീപിക, കാഞ്ഞിരപ്പള്ളി രൂപത, ഫെഡറല്‍ ബാങ്ക്, പഞ്ചായത്ത്, കൃഷി ഭവന്, കാര്‍ഷിക വികസന ബാങ്ക്, നിരവധി സന്നദ്ധ സംഘടനകള്‍ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.കഴിഞ്ഞദിവസം കര്‍ഷകദിനത്തില്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പഴയ സഹപ്രവര്‍ത്തകനെ തോട്ടത്തില്‍ വന്ന് ആദരിച്ചു.
തോമസ് മാത്യു