മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമലൂടെയായിരുന്നു അനാര്‍ക്കലിയുടെ തുടക്കം. അടുത്തിടെ പുറത്തിറങ്ങിയ ഗഗനചാരി, മാന്ദാകിനി, സുലൈഖ മന്‍സില്‍ തുടങ്ങിയ സിനിമകളിലെ അനാര്‍ക്കലിയുടെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു.
സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് അനാര്‍ക്കലി. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്റെ സിനിമാ ജേര്‍ണി ഓര്‍ത്തെടുക്കുകയാണ് അനാര്‍ക്കലി. ചില സിനിമകള്‍ കഴിയുമ്പോള്‍ തോന്നും ഇനി കൂടുതല്‍ സിനിമകള്‍ തേടിയെത്തുമെന്ന്. ഉയരെ കഴിഞ്ഞപ്പോഴായിരുന്നു ഈ തോന്നല്‍ ആദ്യം. ഒന്നും സംഭവിച്ചില്ല. ചെറിയ നിരാശ തോന്നി.
പക്ഷെ മറ്റ് കാര്യങ്ങളില്‍ മുഴുകി ആ നിരാശ മാറ്റി. ഫാഷന്‍ ഡിസൈനിംഗ് പഠനത്തിനു ശ്രദ്ധ നല്കി. ഇന്‍സ്റ്റഗ്രാമിലും സജീവമായി. സുലൈഖ മന്‍സില്‍ ശ്രദ്ധിക്കപ്പെട്ടപ്പോഴും കൂടുതല്‍ അവസരം കിട്ടുമെന്ന് വിചാരിച്ചു. അദ്ഭുതമെന്നും സംഭവിച്ചില്ല. വേണ്ടത്ര സര്ക്കിളില്ലാത്തതു കൊണ്ടാണോ അതോ അഹങ്കാരിയാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കും. ഇപ്പോഴും അതിനുള്ള ഉത്തരം എനിക്ക് കിട്ടിയിട്ടില്ല.
എന്തൊക്കെയായാലും നിരാശകളെ നേരിടാന്‍ എന്റെ മനസിനെ പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ ആരോടും ചാന്‍സ് ചോദിക്കാറില്ല. സിനിമയില്‍ ഒരുപാട് ബന്ധങ്ങളുണ്ട്. പക്ഷെ ആരോടും ചാന്‍സ് ചോദിക്കാന്‍ തോന്നിയിട്ടില്ല. അവരെന്ത് വിചാരിക്കും, അവര്‍ക്ക് ബുദ്ധിമുട്ടാകില്ലേ എന്ന തോന്നലായിരുന്നു. സമീപകാലത്ത് അതു മാറ്റിയെടുത്തുതുടങ്ങി.
അതേസമയം താന്‍ അഭിനേത്രിയെന്ന നിലയില്‍ മെച്ചപ്പെട്ടുവെന്ന് തോന്നുന്നു. വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ വന്നതു കൊണ്ട് തുടക്കത്തില്‍ അത്ര എഫേര്‍ട്ട് ഒന്നും എടുത്തില്ല. എന്നാല്‍ ഇപ്പോള്‍ കഠിനാധ്വാനം ചെയ്യുന്നു. കിട്ടുന്ന കഥാപാത്രം എങ്ങനെ മെച്ചപ്പെടുത്താം എന്നൊക്കെ ചിന്തിക്കും.
വ്യക്തി ജീവിത്തതിലും മാറ്റം വന്നു. തുടക്കത്തില്‍ അഭിമുഖങ്ങളില്‍ സംസാരിക്കുമ്പോള്‍ അത്ര ശ്രദ്ധിക്കില്ലായിരുന്നു. ഇപ്പോള്‍ നന്നായി മാറി. സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. മറ്റൊരു പ്രധാന കാര്യം ബാങ്ക് ബാലന്‍സ് വര്‍ധിച്ചു എന്നതാണ്. സാമ്പത്തിക സ്വാതന്ത്ര്യം കിട്ടി. എനിക്ക് ഇഷ്ടമുള്ളപോലെ പണം ചെലവാക്കാന്‍ സാധിക്കുന്നുണ്ടെന്നും അനാര്‍ക്കലി പറയുന്നു.