പൂന്തുറ: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്പ്പട്ടതുമായ ബീമാപളളി മുട്ടത്തറ സ്വദേശി ഷിബിലിയെ ബീമാപളളി കടപ്പുറത്തിനു സമീപം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഇനാദ് കടല്‍ മാര്‍ഗം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായി സൂചന.
ഇയാളുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഇനാസിനെ സംഭവം നടന്ന് അടുത്ത ദിവസം തമിഴ്നാട്ടിലെ കൂടംകുളത്തിനു സമീപം ഉറവിയില്‍ നിന്നും പൂന്തുറ പോലീസ് പിടികൂടിയിരുന്നു. സംഭവശേഷം രാത്രി ബൈക്കില്‍ പെരുമാതുറയിലേയ്ക്ക് രക്ഷപ്പെട്ട ഇനാദും ഇയാളുടെ കൂട്ടാളി സഫീറും രണ്ട് ദിവസം പെരുമാതുറയിലുളള ഇനാദിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം മത്സ്യബന്ധന ബോട്ടുകളില്‍ ഉള്‍ക്കടലിലേക്ക് രക്ഷപ്പെട്ടതായിട്ടാണ് സൂചനകള്‍ ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ 15 ന് രാത്രി 10.45 ഓടുകൂടിയാണ് ഷിബിലി മര്‍ദനമേറ്റ് മരിച്ചത്. 16 വെളളിയാഴ്ച പുലര്‍ച്ചെ 2.15 ഓടുകൂടി ഇനാദിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പെരുമാതുറയിലാണെന്ന് സൈബര്‍ സെല്‍ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് ഇവര്‍ മത്സ്യബന്ധന ബോട്ടില്‍ രക്ഷപ്പെടുകയായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
എന്നാല്‍ 17 ശനിയാഴ്ച രാത്രി 10.30 വരെ ഇവരുടെ ഫോണിന്റെ ടവര്‍ ലേക്കേഷന്‍ പെരുമാതുറയില്‍ തന്നെയായിരുന്നു. എന്നാല്‍ പെരുമാതുറയിലെ ഒളിത്താവളത്തില്‍നിന്ന് ഇനാദ് ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് രക്ഷപ്പെട്ടതെന്നാണ് സൈബര്‍സെല്ലിന്റെ സഹായത്താല്‍ പോലീസിന് മനസിലായത്. എന്നാല്‍ ഇനാദും സുഹൃത്ത് സഫീറും രണ്ട് ദിവസം പെരുമാതുറയില്‍ ഒളിവില്‍ കഴിഞ്ഞിട്ടും പോലീസിന് പിടികൂടാന്‍ കഴിയാത്തത് നാട്ടുകാര്‍ക്കിടയില്‍ ശക്തമായ ആക്ഷേപത്തിനിടയായിട്ടുണ്ട്.
ഇനാദ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് പെരുമാതുറയ്ക്ക് സമീപം ഇടപ്പള്ളിയിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത് കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ജീപ്പ് വരുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇനാദും സുഹൃത്തും മത്സ്യബന്ധന ബോട്ടില്‍ കടലിലേക്ക് രക്ഷപ്പെട്ടതായിട്ടാണ് വിവരം.
കടലിന്റെ ഓരോ ചലനങ്ങളും വ്യക്തമായി അറിയാവുന്ന പ്രതികള്‍ ആഴ്ചകളോളം ഉള്‍ക്കടലില്‍ തങ്ങി മീന്‍ പിടിക്കുന്ന ബോട്ടുകളില്‍ തങ്ങാനും സാധ്യതയുളളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ പ്രതികള്‍ മത്സ്യബന്ധന തൊഴിലാളികള്കൂടിയായതിനാല് ഇവര്‍ക്ക് തീരദേശ പ്രദേശത്തെ മത്സ്യബന്ധനത്തൊളിലാളികളുമായി നല്ല ബന്ധമാണുളളത്.
അതിനാല്‍ ഒരു ബോട്ട് മത്സ്യബന്ധനം കഴിഞ്ഞ് കരയിലേയ്ക്ക് മടങ്ങിയാലും പുതുതായി മീന്‍പിടിക്കാന്‍ എത്തുന്ന ബോട്ടുകളില്‍ ഇവര്‍ക്ക് അഭയം ലഭിക്കാന്‍ സാധ്യതയുളളതായും അന്വേഷണ സംഘത്തിന് ഒന്നാം പ്രതി ഇനാസില്നിന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് കഴിക്കാനുളള ആഹാരവും മത്സ്യബന്ധനത്തൊഴിലാളികള്‍ എത്തിക്കും.
അങ്ങനെ പ്രതികള്‍ക്ക് എത്രമാസം വേണമെങ്കിലും പോലീസിനെ വെട്ടിച്ച് കടലില്‍ കഴിച്ചുകൂട്ടാന്‍ കഴിയും എന്നാണ് പോലീസിന് ലഭിച്ച വിവരം. സമയ ബന്ധിതമായി പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവര്‍ കടല്‍ മാര്‍ഗം വിദേശത്തേക്ക് കടക്കാനുളള സാധ്യതയും പോലീസിന് വെല്ലുവിളിയായി മാറും.
തമിഴ്നാട്ടിലെ മത്സ്യബന്ധന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുളള സ്ഥലങ്ങളിലെ ലഹരി മാഫിയ സംഘങ്ങളുമായി ഇനാദിന് ബന്ധമുളളതായും അവിടെ അനവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കോസ്റ്റല്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.