കോൽക്കത്ത: കോൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹത്തിൽ 14ലധികം മുറിവുകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മുറിവുകളെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.
തല, കവിളുകൾ, ചുണ്ടുകൾ, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടതു കൈ, തോൾ, കാൽമുട്ട്, കണങ്കാൽ എന്നിവയിലും സ്വകാര്യ ഭാഗങ്ങളിലുമാണ് മുറിവുകൾ. ഇവയെല്ലാംതന്നെ മരണത്തിന് മുമ്പ് ഉണ്ടായ മുറിവുകളാണെന്നും ലൈംഗികാതിക്രമത്തിനുള്ള സാധ്യതയാണ് ഇതു വ്യക്തമാക്കുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൈകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണം. ശ്വാസകോശത്തിലെ രക്തസ്രാവവും ശരീരത്തിൽ പലയിടത്തും രക്തം കട്ടപിടിച്ചതും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. എന്നാൽ ഒടിവിന്റെ ലക്ഷണങ്ങളില്ല. കൂടുതൽ പരിശോധനയ്ക്കായി രക്തത്തിന്റെയും മറ്റു ശരീര സ്രവങ്ങളുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ഈ മാസം ഒൻപതിനാണ് ആശുപത്രിയിലെ സെമിനാർ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാജ്യമൊട്ടാകെ വ്യാപകമായ രോഷമാണ് സംഭവത്തിൽ ഉയർന്നത്. അറസ്റ്റിലായ കോൽക്കത്ത പോലീസിലെ സിവിൽ വോളന്റിയറായ സഞ്ജയ് റോയിക്കു പുറമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നതിൽ തെളിവുകൾ ലഭിച്ചിട്ടില്ല.
യുവതിയുടെ നഖത്തിൽനിന്നു കിട്ടിയ ത്വക്കിന്റെ ഭാഗങ്ങൾ പ്രതിയുടേതാണെന്നു വ്യക്തമായിട്ടുണ്ട്. അതേസമയം, കേസിൽ വൻ സ്രാവുകളുണ്ടെന്നു ഡോക്ടറുടെ മാതാപിതാക്കളും സഹപ്രവർത്തകരും ആരോപിക്കുന്നു. കൊല്ലപ്പെട്ട ഡോക്ടർക്ക് “പല കാര്യങ്ങളും’ അറിയാമായിരുന്നു എന്നാണു സഹപ്രവർത്തകർ പറയുന്നത്.
ഇതിന്റെ പേരിലാണോ കൊലപാതകമെന്നു സംശയിക്കണമെന്നും അവർ പറഞ്ഞു. ജനരോഷത്തിനിടയിൽ മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവച്ചിരുന്നു. സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.