ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ ആഗോളതലത്തിൽ കുരങ്ങുപനി (മങ്കി പോക്സ്) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും അതീവ ജാഗ്രതാ നിർദേശം. ഇന്ത്യയിൽ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നും ഇവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും കേന്ദ്രം വിമാനത്താവളങ്ങളിലും അതിർത്തിയിലും നിർദേശം നൽകി.
എം പോക്സ് കൂടുതൽ വൈറൽ സ്വഭാവമുള്ളതും പകരാൻ സാധ്യതയുള്ളതുമാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ കടുത്ത ജാഗ്രത വേണണെന്നാണ് മുന്നറിയിപ്പ്. മങ്കി പോക്സ് രോഗികളെ ക്വാറന്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും ഡൽഹിയിൽ മൂന്ന് സർക്കാർ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയത്. എം പോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജമാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്തെ 32 ലബോറട്ടറികളിലാണ് എം പോക്സ് പരിശോധനയ്ക്ക് സംവിധാനമുള്ളത്.
നിലവിൽ രാജ്യത്ത് ഒരു പോക്സ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. ആഫ്രിക്കയിലെ കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പടരുന്നത്. അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനം അതിതീവ്രമായതോടെ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.