കോട്ടയം: പതിനയ്യായിരത്തോളം പതിവ് യാത്രക്കാര്‍ രണ്ടു ട്രെയിനുകളിലായി അഞ്ചു ജില്ലകളില്‍പോയി വരട്ടെ എന്ന റെയില്‍വേ നിലപാടിന് മാറ്റം വരുത്താന്‍ ജനപ്രതിനിധികള്‍ക്കു സാധിക്കുന്നില്ല. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ യാത്രക്കാരുടെ പ്രധാന ആശ്രയമാണ് പാലരുവി, വേണാട് ട്രെയിനുകള്‍.
വാഗണ്‍ ട്രാജഡി ആവര്‍ത്തിക്കാവുന്ന വിധം യാത്രക്കാര്‍ ശ്വാസമടക്കിയും ഒറ്റക്കാലില്നിന്നും ചവിട്ടുപടിയില്‍ നിന്നും യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ കൊല്ലം-എറണാകുളം റൂട്ടില്‍ പാലരുവിക്കും വേണാടിനും ഇടയില്‍ ഒരു മെമു കൂടി ഓടിച്ചാല്‍ യാത്രാത്തിരക്കിന് ആശ്വാസമാകും.
ഇതിന് പരിഹാരമായി പാലരുവിക്ക് നാലു കോച്ചുകള്‍ അധികം ചേര്‍ത്ത നടപടികൊണ്ടു ദുരിതം മാറില്ല. ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് സാധാരണ കോച്ചുകളുമാണ് അധികമായി ചേര്‍ത്തത്. ഇതോടെ ജനറല്‍ കോച്ചുകള്‍ എട്ടില്‍നിന്നു പതിനൊന്നും സ്ലീപ്പര്‍ കോച്ചുകള്‍ അഞ്ചുമായി.
ആകെ 18 കോച്ചുകള്‍. പുനലൂര്‍-ചെങ്കോട്ട മേഖലയില്‍ 18 കോച്ചുകളുള്ള ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അനുമതി നല്കിയ സാഹചര്യത്തില്‍ പാലരുവി തൂത്തുക്കുടിയിലേക്ക് സര്‍വീസ് നീട്ടിയേക്കും. ഈ സാഹചര്യത്തില്‍ ട്രെയിന്‍ സമയം പാലിക്കുമോ എന്നതിലാണു പതിവ് യാത്രക്കാരുടെ ആശങ്ക.
വൈകുന്നേരം 4.05നു പാലക്കാടുനിന്നു പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്നു രാവിലെ തൂത്തുക്കുടിയിലെത്തും. തുടക്കത്തില്‍ പുനലൂര്‍ വരെയായിരുന്ന സര്‍വീസ് പിന്നീട് ചെങ്കോട്ടയിലേക്കും രണ്ടു വര്‍ഷം മുമ്പ് തിരുനല്‍വേലിയിലേക്കും നീട്ടുകയായിരുന്നു.ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും എത്തേണ്ടവരാണ് ഏറെപ്പേരും.
കൊല്ലം-എറണാകുളം റൂട്ടിലെ പാസഞ്ചറുകള്‍ പലതും കോവിഡ് കാലത്ത് നിലച്ചുപോയിരുന്നു. ഈ വണ്ടികള്‍ക്ക് പകരം ഒന്നോ രണ്ടോ മെമു സര്‍വീസുകള്‍ ആരംഭിക്കാതെ യാത്രാത്തിരക്കിന് പരിഹാരമില്ല. ജന്‍ശതാബ്ദി കടന്നുപോകാന്‍ വേണാടും പാലരുവിയും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുന്ന സാഹചര്യത്തിനും മാറ്റമുണ്ടായേ തീരൂ.