ഹാങ്സൗ(ചൈന): ഡെലിവറി ബോയിയെ മുട്ടുകുത്തിച്ച് മാപ്പു പറയിപ്പിച്ച സെക്യൂരിറ്റി ഗാർഡിന്റെ പ്രവൃത്തി ചൈനയിൽ വൻ പ്രതിഷേധത്തിനിടയാക്കി. ഹാങ്സൗ നഗരത്തിലായിരുന്നു സംഭവം.
ഒരുകെട്ടിടത്തിൽ ഡെലിവറി നടത്തിയശേഷം തിരിച്ചുപോകവേ ഡെലിവറി ബോയിയുടെ ബൈക്ക് തട്ടി ഇരുന്പുവേലിക്കു കേടുപറ്റി എന്നു പറഞ്ഞായിരുന്നു ഗാർഡിന്റെ മനുഷ്യത്വരഹിതമായ ശിക്ഷാ നടപടി.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇതിന്റെ വീഡിയോയിൽ ഡെലിവറി ബോയി ഗാർഡിനു മുന്നിൽ മുട്ടുകുത്തുന്നതും പോകാൻ അനുവദിക്കണമെന്ന് അഭ്യർഥിക്കുന്നതും കാണാം.
വീഡിയോ വൈറലായതോടെ ഡെലിവറി ജോലിക്കാർ പങ്കെടുത്ത വലിയ പ്രതിഷേധങ്ങൾ നടന്നു. ഇത്തരം ജോലി ചെയ്യുന്നവർക്ക് കൃത്യമായ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്നു ഡെലിവറി തൊഴിലാളികളോട് ദയയോടെ പെരുമാറണമെന്നാവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കി.