തുമ്പമൺ: കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയുടെ പേരിൽ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിയെ അടക്കം വരിഞ്ഞുമുറുക്കി ബിജെപി ആനുകൂല്യങ്ങൾ നേടിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തുമ്പമൺ സർവീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ ബാങ്കുകളിൽ അഴിമതി നടത്തുകയും ഭരണത്തിലെ കെടുകാര്യസ്ഥതയിൽ ബാങ്ക് അടച്ചുപൂട്ടിക്കുകയുമെന്നത് സിപിഎമ്മിന്റെ നയമായി മാറിയിരിക്കുകയാണ്. ബാങ്കുകളുടെ ഭരണം കൈവിട്ടു പോകാനും അവർ സമ്മതിക്കില്ല. ഇതിന്റെ ഭാഗമായുണ്ടാകുന്ന ഭവിഷ്യത്തുകളിൽ പ്രതിസ്ഥാനത്തെത്തുന്ന സിപിഎമ്മുകാർ രക്ഷപ്പെടുന്നതിനായി എന്ത് ഹീനമാർഗവും പ്രയോജനപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.
സിപിഎം ഗുണ്ടകളാണ് പോലീസിന്റെ പിന്തുണയോടെ തുമ്പമണ്ണിൽ അക്രമം കാണിച്ചത്. 2016 മുതൽ യുഡിഎഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന 21 ബാങ്കുകളാണ് ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെ പിടിച്ചെടുത്തത്.
പത്തനംതിട്ടയിൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയാണ് ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നത്. സിപിഎമ്മിൽ അംഗത്വം നേടിയ കാപ്പ കേസ് പ്രതി കാപ്പ എന്നെഴുതിയ കേക്ക് മുറിച്ച് ആഘോഷിച്ചു.
കാപ്പ എന്ന് എഴുതിയത് കേക്കിൽ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിലാണെന്നും വി.ഡി. സതീശൻ പരിഹസിച്ചു. ക്രിമിനൽ സംഘത്തെ മാലയിട്ട് സ്വീകരിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയുടെ നാടാണ് പത്തനംതിട്ട.
കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ തെരഞ്ഞെടുപ്പിൽ ക്രിമിനൽ സംഘത്തെ സംരക്ഷിക്കുന്ന സഹകരണ ബാങ്കുകളിലെ ഉദ്യോഗസ്ഥർക്ക് പെൻഷൻ വാങ്ങുന്ന അവസ്ഥപോലും ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു സഖറിയ അധ്യക്ഷത വഹിച്ചു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ.കുര്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പഴകുളം മധു, വർഗീസ് മാമ്മൻ, കെ.എസ്. ശിവകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.