ചാർജിന്റെ കാര്യത്തിൽ “കഴുത്തറപ്പന്മാർ’ എന്ന പഴി കേൾക്കുന്നവരാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ. മാന്യമായി ചാർജ് വാങ്ങുന്നവരാണ് ഏറെയുമെങ്കിലും ചിലരുടെ പ്രവൃത്തി കാരണം എല്ലാവരും ഈ പഴി കേൾക്കേണ്ടിവരുന്നു. എന്നാൽ, ബംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ കാട്ടിയ സത്യസന്ധത ഓട്ടോക്കാർക്കെല്ലാം അഭിമാനമായിരിക്കുകയാണ്.
ഇന്ദിരാനഗറിൽനിന്നു ബിഎസ്കെ ഏരിയയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്ത ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറപ്പിലൂടെയണ് ഓട്ടോ ഡ്രൈവരുടെ നന്മ പുറത്തറിഞ്ഞത്. യാത്ര പോകുന്നതിന് “നമ്മ യാത്രി’ ആപ്പ് വഴിയാണ് ഇയാൾ ട്രിപ്പ് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാൻ വേണ്ടി ഡ്രൈവർ പെട്രോൾ പമ്പിൽ ഓട്ടോ നിർത്തി. ഇന്ധനത്തിന്റെ തുക പമ്പിൽ ഓൺലൈനായി നൽകാമോ എന്ന് യാത്രക്കാരനോട് ഡ്രൈവർ ചോദിച്ചു. 230 രൂപയായിരുന്നു ബിൽ. 200 രൂപയായിരുന്നു ഓട്ടോ കൂലി. യാത്ര കഴിയുമ്പോൾ 30 രൂപ ബാക്കി തരാമെന്നു ഡ്രൈവർ യാത്രക്കാരന് ഉറപ്പുനൽകി. അങ്ങനെ യാത്രക്കാരൻ പണം അടച്ചു.
ഡ്രൈവറും യാത്രക്കാരനും വർത്തമാനമൊക്കെ പറഞ്ഞായിരുന്നു യാത്ര. ഇറങ്ങാനുള്ള സ്ഥലത്തെത്തിയപ്പോൾ യാത്രക്കാരന് ഫോൺ കോൾ വരികയും ബാക്കി 30 രൂപ വാങ്ങാതെ പെട്ടെന്നിങ്ങുകയും ചെയ്തു. ഡ്രൈവറും ബാക്കി നൽകുന്ന കാര്യം മറന്നു. എന്നാൽ, പിന്നീട് പണം നൽകാനുള്ള കാര്യം ഓർത്ത ഡ്രൈവർ പിറ്റേദിവസം രാവിലെതന്നെ യാത്രക്കാരന്റെ വീട് കണ്ടുപിടിച്ചു വാതിലിൽ മുട്ടി.
ബാക്കി നൽകാൻ മറന്നതിൽ ഖേദപ്രകടനം നടത്തിയശേഷം 30 രൂപ ഏൽപിച്ചു. അദ്ദേഹത്തിന്റെ സത്യസന്ധത തന്നെ അത്ഭുതപ്പെടുത്തിയെന്നു യാത്രക്കാരൻ റെഡ് ഡിറ്റിലെ പോസ്റ്റിൽ എഴുതി. വളരെ പെട്ടെന്ന് ഈ പോസ്റ്റ് വൈറലായി മാറി. “അവിശ്വസനീയം’ എന്നു വരെ ചിലർ കമന്റിട്ടു.