കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കാതെ സിനിമ സംഘടനകള്‍. താരസംഘടനയായ അമ്മ അടക്കമുള്ളവർ വിഷയത്തില്‍ പ്രതികരിക്കാത്തത് താരങ്ങള്‍ക്കിടയിലും അഭിപ്രായവ്യാത്യാസത്തിന് ഇടയാക്കിയട്ടുണ്ട്. ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിനോട് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.
അംഗങ്ങളുടെ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈകാതെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന ശേഷം പ്രതികരണം അറിയിക്കാനുള്ള നീക്കത്തിലാണ് അമ്മ. അതിനിടെ ഫിലിം ചേംബര്‍ യോഗത്തിനിടെ മലയാള സിനിമയില്‍ പ്രത്യേകിച്ചു പ്രശ്നങ്ങളൊന്നുമില്ലെന്നു പറഞ്ഞ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിന്റെ പ്രസ്താവനക്കെതിരായ പ്രതിഷേധം കനക്കുകയാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്, മലയാള സിനിമയെ അങ്ങനെ വഴിയിലിട്ട് തല്ലാന്‍ സമ്മതിക്കില്ല എല്ലാരും മാന്യന്മാരല്ല അതെല്ലാം മറച്ചുവച്ച് മറ്റുള്ളവരെ “മന്താ’ എന്ന വിളിക്കാന്‍ നില്‍ക്കണ്ടെന്നും പച്ചയ്ക്ക് ഞാന്‍ പറയുമെന്നും സജി നന്ത്യാട്ട് പറഞ്ഞിരുന്നു.
അറിയാത്തവരുടേ പേരു പറയാന്‍ ഞങ്ങളെന്താ കണിയാന്മാരോ? പതിനായിരക്കണക്കിന് പേര് പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. എല്ലാവരുടേയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറ്റില്ല. പ്രശ്നങ്ങള്‍ ഇല്ലെന്ന് ഡബ്ല്യുസിസിയിലെ പ്രധാന നടി തന്നെ പറഞ്ഞു. റിപ്പോര്‍ട്ട് ദുരൂഹമാണ്.
സിനിമയില്‍ സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച് പറയിപ്പിച്ചതാണെന്നുമാണ് സജി നന്ത്യാട്ടിന്റെ വാദം. സംഭവം ചര്‍ച്ചയായതോടെയാണ് ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ പ്രതികരണവുമായി രംഗത്ത് വന്നത്. സജി നന്ത്യാട്ടിന്റെ വാദം സംഘടനയുടേതല്ലെന്നും ഫിലിം ചേംബറിന്റെ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അംഗങ്ങള്‍ വ്യക്തമാക്കുന്നു.
വിഷയത്തില്‍ സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം പരിഹാര നടപടികള്‍ ഈ സംഘടനകള്‍ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണമെന്നും നടിയും നിര്‍മാതാവുമായ സാന്ദ്ര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.