വരന്തരപ്പിള്ളി: പാലപ്പിള്ളിയില്‍ മാനിനെ കൈകാലുകള്‍ കെട്ടിയിട്ട് ഫോട്ടോയെടുത്ത കേസിലെ പ്രതികളിലൊരാള്‍ കീഴടങ്ങി. തിരുവനന്തപുരം അമ്പൂര്‍ സ്വദേശി വിനോദ്(48) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ നാലാളുടെ പേരില്‍ വനം വകുപ്പ് അധികൃതര്‍ കേസെടുത്തിരുന്നു.
തിരുവനന്തപുരം സ്വദേശികളായ ഷിബു, സന്തോഷ് കുമാര്‍, ഹരി എന്നിവര്‍ ഒളിവിലാണ്. പാലപ്പിള്ളി തോട്ടത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കാലാവധി കഴിഞ്ഞ മരം മുറിക്കുന്ന ജോലിക്കെത്തിയ സംഘത്തില്‍പ്പെട്ടയാളാണ് വിനോദ്. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. പ്രതികള്‍ മാനിനെ കെട്ടിയിട്ട് ഫോട്ടോയും വീഡിയോയുമെടുക്കുകയായിരുന്നു.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ സംഭവമറിയുന്നത്. മാനിനെ കെട്ടഴിച്ചുവിട്ടുവെന്നാണ് അറസ്റ്റിലായ പ്രതിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.