കണ്ണൂർ: വാട്ടർമാൻ ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വിദേശത്ത് തുടങ്ങുന്ന വാട്ടർമാൻ ടൈൽസ് ട്രേയ്ഡിംഗ് ജിസിസിയിൽ പാർട്ണറും ഷെയർ ഹോൾഡറുമാക്കാമെന്ന് പറഞ്ഞ് മൂന്നേമുക്കാൽ കോടി തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
വാട്ടർമാൻ ടൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ മുരളിദാസ് കുന്നിൻപുറത്തിന്റെ പരാതിയിൽ വാട്ടർമാൻ ടൈൽസ് ട്രേയ്ഡിംഗ് ജിസിസി ഡയറക്ടർമാരായ തളാപ്പ് സ്വദേശി അഖിലേഷ് പടിഞ്ഞാറ്, ഭാര്യ രചന എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. വാട്ടർമാൻ ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വിദേശത്ത് വാട്ടർമാൻ ടൈൽസ് ട്രേയ്ഡിംഗ് ജിസിസി എന്ന ബിസിനസ് തുടങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞായിരുന്നു പ്രതികൾ മുരളിദാസിനെ സമീപിച്ചത്.
ബിസിനസ് തുടങ്ങിയാൽ പാർട്ണറും ഷേയർഹോൾഡറുമാക്കാമെന്ന് പ്രതികൾ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് 2022 ൽ കണ്ണൂരിലെ ഒരു ഹോട്ടലിൽ വച്ച് ചർച്ച നടത്തി പേപ്പർ വർക്കുകൾക്കായി രണ്ടു ലക്ഷം കൈപ്പറ്റി. തുടർന്ന് പല തവണകളായി യുഎസ് ഡോളറായി 3,78,87,178 രൂപ തട്ടിയെടുക്കുകയായിരുന്നു. കൂടാതെ ടൈൽ കണ്ടയ്നറുകളും വിദേശത്തേക്ക് അയപ്പിച്ച് തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
പണം തട്ടിയെടുത്ത് പ്രതികൾ വാട്ടർമാൻ ടൈൽസ് എഫ്സെഡ്സി എന്ന കമ്പനി തുടങ്ങി. പരാതിക്കാരനെ കമ്പനിയുടെ പാർട്ണറും ഷേയർ ഹോൾഡറുമാക്കാതെ വഞ്ചിച്ചെന്നും വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.