ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി എയിംസിൽ ഡോക്ടർമാർ തടത്തിയ സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീംകോടതി ഉറപ്പുതന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
എല്ലാ ഡോക്ടർമാർമാരും അടിയന്തരമായി ജോലിക്ക് കയറണമെന്നും ദേശീയ കർമ്മസമിതി റിപ്പോർട്ട് വരും വരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതിഷേധിച്ചവർക്കെതിരെ ഒരു നടപടിയും എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ കോൽക്കത്തയിലെ ഡോക്ടർമാർ സമരം അവസാനിപ്പിക്കില്ല. നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ഡോക്ടർമാർ.