ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ നിയമം അതിന്റെ വഴിക്കാണു പോകുന്നതെന്ന് സുപ്രീംകോടതി. സംഭവം രാഷ്ട്രീയവത്കരിക്കരുതെന്നും കേസ് പരിഗണിക്കവേ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയുടെ നിർദേശങ്ങൾ
* ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണം
* പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരേ നടപടി പാടില്ല
* ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും പോലീസ് മേധാവികളുടെയും യോഗം ഒരാഴ്ചയ്ക്കകം ചേരാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയോട് നിർദേശിച്ചു. രണ്ടാഴ്ചയ്ക്കകം ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിക്കണം.
*പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് നിയമപരമായ അധികാരം വിനിയോഗിക്കാൻ അധികാരികൾക്ക് സ്വാതന്ത്രമുണ്ട്. എന്നാൽ സമാധാനപരമായ പ്രതിഷേധങ്ങൾ തടസപ്പെടുത്തരുത്.
* ദേശീയ ദൗത്യ സേന നൽകുന്ന ശിപാർശകൾ സ്വീകരിക്കുന്പോൾ ഡോക്ടർമാരുടെ ആശങ്കകൾ പരിഗണിക്കും.
* എൻടിഎഫ് സ്വീകരിക്കേണ്ട നിർദേശങ്ങൾക്കായി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പോർട്ടൽ തുറക്കണം.