തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിനായുള്ള താര ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കിയ ആലപ്പി റിപ്പിൾസ് തങ്ങളുടെ പരിശീലനത്തിന് ഇന്നലെ തുടക്കമിട്ടു. ഇന്നലെ ആരംഭിച്ച പരിശീലനം ഈ മാസം 27 വരെ തൃശൂരിൽ നടക്കും.
ഐപിഎൽ താരം മുഹമ്മദ് അസ്ഹറുദീൻ ഐക്കണ്‍ താരമായുള്ള ആലപ്പി റിപ്പിൾസ് ലീഗിലെ തന്നെ വിലയേറിയ താരങ്ങളിൽ ഉൾപ്പെട്ട ഓൾ റൗണ്ടർ അക്ഷയ് ചന്ദ്രൻ, ഓപ്പണർ കൃഷ്ണപ്രസാദ്, വിനൂപ് മനോഹരൻ എന്നിവരെ സ്വന്തമാക്കിയാണ് പോരാട്ടത്തിന് സജ്ജരാകുന്നത്.
27 തൃശൂരിലെ പരിശീലനം പൂർത്തിയാക്കുന്ന ആലപ്പി റിപ്പിൾസ് സ്ക്വാഡ് 29ന് തിരുവനന്തപുരത്തേക്കു തിരിക്കും. സെപ്റ്റംബർ രണ്ടു മുതൽ 19 വരെ നടക്കുന്ന ട്വിന്റി-20 കേരളാ ക്രിക്കറ്റ് ലീഗിൽ ആറു ടീമുകളാണുള്ളത്.
ലീഗ് മത്സരങ്ങളിൽ മികച്ച പരിചയസന്പത്തുള്ള ഫനൂസ് ഫൈസ്, വിശ്വേശ്വർ സുരേഷ്, വൈശാഖ് ചന്ദ്രൻ എന്നിവരും ടീമിൽ ഇടം പിടിച്ചു. മുൻ ഐപിഎൽ ഫാസ്റ്റ് ബൗളർ പ്രശാന്ത് പരമേശ്വരനു കീഴിലാണ് ടീമിന്റെ പരിശീലനം.
ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞത് ടീമിനു മുതൽക്കൂട്ടായി മാറിയെന്നു ടീം ഉടമയും വ്യവസായിയുമായ ടി.എസ്. കലാധരൻ പറഞ്ഞു.
കേരളത്തിൽനിന്ന് നല്ല കളിക്കാരെ വാർത്തെടുക്കുക എന്നുള്ളതാണ് ടീം രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നു ടീം സഹ ഉടമ റാഫെൽ തോമസ് പറഞ്ഞു. ഷൈബു മാത്യു, ജിബിത് ജോയ്, നിജി ഇസ്മയിൽ എന്നിവരാണ് ടീമിന്റെ സഹ ഉടമകൾ.