കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിൽ നടന്ന കോടികളുടെ സ്വർണത്തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ സ്വകാര്യ ധനകാര്യസ്ഥാപനം നിയമ നടപടികളിലേക്കു കടക്കുന്നു. ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിൽ പണയം വച്ച 26.5 കിലോഗ്രാം സ്വർണമാണു കാണാതായത്.
തട്ടിപ്പു കേസിൽ ബാങ്കിന്റെ മുൻ മാനേജർ മധ ജയകുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ ബാങ്കിൽനിന്ന് 26.5കിലോ സ്വർണം മാറ്റി അതിനു പകരം മുക്കുപണ്ടം വച്ച് ബാങ്കിനെ കബളിപ്പിച്ചുവെന്ന നിലവിലുള്ള മാനേജരുടെ പരാതിയിലാണ് അറസ്റ്റ്. അതിനിടെ സ്വകാര്യ ധനകാര്യ സ്ഥാപനം മുക്കുപണ്ടം ബാങ്കിൽ പണയം വച്ചെന്ന തരത്തിൽ ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നതിനെതിരേയാണ് മാനേജ്മെന്റ് നിയമനടപടി സ്വീകരിക്കുന്നത്.
മോഷ്ടിക്കപ്പെട്ട സ്വർണം എവിടെയാണെന്നു കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം ഉടൻ തമിഴ്നാട്ടിലേക്കു തിരിക്കും. പ്രതിയായ മധ ജയകുമാർ ഇരുണ്ട മുറിയിലിരുന്നു തയാറാക്കിയ വീഡിയോ സന്ദേശത്തിൽ സ്വകാര്യ ധനസ്ഥാപനവും സോണൽ മാനേജരുമാണു തട്ടിപ്പിനു പിന്നിലെന്ന് ആരോപിച്ചിരുന്നു. ഇത് കേസ് വഴി തിരിച്ചു വിടുന്നതിനു വേണ്ടി മനഃപൂർവം പ്രതി ഒരുക്കിയ കെണി ആണെന്നാണ് സ്വകാര്യ ധനകാര്യ സ്ഥാപനം ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ ചോദ്യം ചെയ്യലുമായി മധ ജയകുമാർ സഹകരിക്കാത്തത് അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സ്വർണം എവിടെയാണ് വിറ്റതെന്ന് പല തവണ ചോദിച്ചിട്ടും പരസ്പര വിരുദ്ധമായ മൊഴിയാണ് ഇയാൾ ആദ്യം നൽകിയത്. അതിനിടെ മധ ജയകുമാറും ഭാര്യയും ചേർന്ന് ഓണ്‍ലൈൻ ട്രേഡിംഗിനാണ് സ്വർണം ഉപയോഗിച്ചതെന്നു അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിനു വെളിയിലേക്കു കടത്തിയ സ്വർണം ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വിറ്റതായും പണയം വച്ചതായും സൂചനയുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രതിയെയും കൂട്ടി അന്വേഷണ സംഘം ഇയാളുടെ വീട്ടിലും ഒളിവിൽ കഴിഞ്ഞ കേന്ദ്രങ്ങളിലും കൊണ്ടുപോയി തെളിവെടുക്കും. ആറുദിവസത്തേക്കു പ്രതിയെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്.