വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൊല്ലുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ അരിസോണ സ്വദേശി പിടിയിൽ.
66കാരനായ റൊണാൾഡ് ലീ സിവ്രൂഡിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ നോമിനിയായ ഡൊണാൾഡ് ട്രംപ്, തന്റെ പ്രചാരണത്തിന്റെ ഭാഗമായി മെക്സിക്കോയുമായുള്ള യുഎസ് അതിർത്തി പ്രദേശമായ കൊച്ചിസ് കൗണ്ടി സന്ദർശിക്കുന്നതിനിടെയാണ് ഭീഷണിയുണ്ടായത്.
നവംബർ അഞ്ചിനു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാർഥികൾക്കെതിരേയുണ്ടാകുന്ന ഭീഷണികളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ഈ മാസമാദ്യം, ട്രംപിന്റെ എതിരാളിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ ഭീഷണിപ്പെടുത്തിയതിന് ഒരു വിർജീനിയക്കാരനെതിരേ കുറ്റം ചുമത്തിയിരുന്നു. ജൂലൈയിൽ, ട്രംപിനുനേരേ വധശ്രമമുണ്ടായിരുന്നു. വെടിവയ്പിൽ ട്രംപിന്റെ ചെവിക്കു പരിക്കേറ്റു.