കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി താര സംഘടന അമ്മ. ഹേമ കമ്മറ്റി റിപ്പോർട്ടിനൊപ്പമാണ് അമ്മ സംഘടന. തെറ്റു ചെയ്തവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന നിലപാട് തന്നെയാണ് സംഘടനയ്ക്കുമുള്ളതെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങൾ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് സങ്കടകരമാണ്.
നാൽപത് വർഷമായി സിനിമാ രംഗത്ത് താൻ സജീവമാണ്. സിനിമാ രംഗത്ത് പവർ ഗ്രൂപ്പ് ഉള്ളതായി തോന്നിയിട്ടില്ലന്ന് സിദ്ധിഖ് പറഞ്ഞു.എല്ലാ സംഘടനകളിൽനിന്നും 2 പേരെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പവർ ഗ്രൂപ്പ് എന്ന് ഉദ്ദേശിക്കുന്നതെന്നും അറിയില്ല.
ഒരു പവർ ഗ്രൂപ്പ് വിചാരിച്ചാലും സിനിമയെ നിയന്ത്രിക്കുന്നതിന് സാധിക്കില്ല. പ്രേക്ഷകരുടെ തീരുമാനമാണ് സിനിമ വിജയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അല്ലാതെ ഇപ്പോൾ ഉന്നയിക്കുന്നതുപോലെ ഒരു പവർ ഗ്രൂപ്പ് വിചാരിച്ചാലും സിനിമയെ തകർക്കാൻ സാധിക്കില്ല.