കാഞ്ഞങ്ങാട്: സംഗതി അല്പം കടന്നകൈയായിരുന്നു. വാഹനങ്ങൾ ചീറിപ്പായുന്ന കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയുടെ ഓരത്തുവച്ചൊരു ഡാൻസ്. ആരും അനുകരിക്കരുതെന്നല്ല, ഇനി മേലാൽ നിങ്ങളും ചെയ്തുപോകരുതെന്ന് നാട്ടുകാരെല്ലാം ഒരേ സ്വരത്തിൽ പറയുകയും ചെയ്തു.
എന്നാലും നൃത്തത്തോടുള്ള അഭിനിവേശം ജീവിതത്തിന്റെ ആഘോഷമാക്കിമാറ്റിയ രാജപുരം മാലക്കല്ല് സ്വദേശികളായ നാൽവർ സംഘം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുമാസത്തിനുള്ളിൽ 50 മില്യണിലധികം ആളുകളാണ് ഇവരുടെ ഡാൻസ് കണ്ടത്. മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് ഷെയർ ചെയ്യപ്പെട്ടത് അതിലേറെയും. കാസർഗോഡിന്റെ സ്വന്തം എംപി രാജ്മോഹൻ ഉണ്ണിത്താനും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഇവരുടെ ഡാൻസ് ഷെയർ ചെയ്തു.
രാജപുരം ഹൂഫിറ്റ് ഡാൻസ് കമ്പനിയിലെ ലിബിൻ ജേക്കബ്, അനന്യ റെജി, അനുമോൾ റെജി, ഗായത്രി മോഹനൻ എന്നിവരാണ് അത്രയൊന്നും പ്ലാൻ ചെയ്യാതെ ഇൻസ്റ്റഗ്രാമിൽ അപ് ലോഡ് ചെയ്ത ഒരു ഡാൻസിലൂടെ വൈറലായത്.
ഹൂഫിറ്റ് ഡാൻസ് കമ്പനിയിലെ നൃത്തസംവിധായകനും വീഡിയോ എഡിറ്ററുമാണ് ലിബിൻ ജേക്കബ്. നൃത്തപരിശീലകയും സ്റ്റൈലിസ്റ്റുമാണ് ബിരുദ വിദ്യാർഥിനിയായ അനന്യ റെജി. പ്ലസ് വൺ വിദ്യാർഥിനിയായ സഹോദരി അനുമോൾ റെജിയും ജിഎൻഎം പൂർത്തിയാക്കി നഴ്സിംഗ് പ്രാക്ടീസിന് തയാറെടുക്കുന്നതിനൊപ്പം ഡാൻസും പാഷനായി കൊണ്ടുനടക്കുന്ന ഗായത്രിയും വൈറൽ ഡാൻസിൽ ഇവർക്കൊപ്പം ചേരുകയായിരുന്നു. കുട്ടികളും ചെറുപ്പക്കാരുമായി 25 ഓളം പേരാണ് ഡാൻസ് ഗ്രൂപ്പിലുള്ളത്. ഇപ്പോൾ 12 പേരാണ് സജീവമായുള്ളത്.
ശ്രീജിത്ത് കൃഷ്ണൻ