വലിയതുറ: എയര്‍ ഇന്ത്യയുടെ മുംബൈ-തിരുവനന്തപുരം വിമാനത്തിലുണ്ടായ വ്യാജ ബോംബ് ഭീഷണിയില്‍ ഇതുവരെയും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിെല്ലന്ന് ആക്ഷേപം. ശംഖുമുഖം അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ വലിയതുറ പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തേങ്ങാപ്പട്ടണം സ്വദേശിയായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
മുംബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.45 ന് ടേക്ഓഫ് ചെയ്ത എ.ഐ -657 നമ്പര്‍ വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തിലെ ശൗചാലയത്തില്‍ ടിഷ്യു പേപ്പറില്‍ എഴുതിവച്ച ബോംബ് ഭീഷണി കുറിപ്പ് കാബിന് ക്രൂ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
136 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ ആരൊക്കെയാണ് ശൗചാലയത്തില്‍ പോയിട്ടുളളതെന്ന് വിമാനത്തിനുളളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കണ്ടെത്താനാകും. എന്നാല്‍ പോലീസും ബന്ധപ്പെട്ട അധികൃതരും സംഭവത്തെ നിരുത്തരവാദിത്വപരമായി കാണുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിമാന യാത്രികര്‍ പറയുന്നുത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടിയില്‍ നിരവധി തവണയാണ് വിമാനങ്ങളില്‍ വ്യാജ ബോംബ് ഭീഷണിയുണ്ടായിട്ടുളളത്. വിമാനം ഓരോ സര്‍വീസ് നടത്തുന്നതിനു മുമ്പും ശുചിമുറിയിലെ മാലിന്യ ബാസ്കറ്റ് വൃത്തിയാക്കും. അതിനാല്‍ മുംബൈയ്ക്കും -തിരുവനന്തപുരത്തിനും ഇടയിലുളള യാത്രമധ്യേ തന്നെയാവണം ശൗചാലയത്തില്‍ ബോംബ് ഭീഷണി എഴുതിവെച്ചതെന്നാണ് കരുതുന്നത്.