തൊടുപുഴ: ഇടുക്കിയെ വിടാതെ പിന്തുടരുകയാണ് ഹര്‍ത്താലുകള്‍. ഈ മാസം മാത്രം മൂന്ന് ഹര്‍ത്താലുകള്‍. നാളത്തെ യുഡിഎഫ് ഹര്‍ത്താല്‍ കൂടിയാകുമ്പോള്‍ ഇതുവരെ നാലെണ്ണം. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍, മുല്ലപ്പെരിയാര്‍, പട്ടയ വിഷയങ്ങള്‍ എന്തുതന്നെയായാലും ഇടുക്കിയില്‍ ഹര്‍ത്താലുകള്‍ക്ക് പഞ്ഞമില്ല. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ജില്ല സാക്ഷ്യംവഹിച്ചത് ഇരുപതിനു മുകളില്‍ ഹര്‍ത്താലുകള്‍ക്ക്. നാലു വര്‍ഷത്തിനിടെ നടന്ന ഹര്‍ത്താലുകളുടെ കണക്കെടുത്താല്‍ ഇടുക്കിയാണ് മുന്നില്‍. കസ്തൂരിരംഗന്‍ വിഷയത്തില്‍ മാത്രം പതിനഞ്ചോളം ഹര്‍ത്താല്‍ ജില്ലയില്‍ നടന്നു. സംസ്ഥാന ഹര്‍ത്താലുകളുടെ ഭാഗമായി നടന്നവയും മറ്റു പ്രദേശിക ഹര്‍ത്താലുകളും വേറെ.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്മിക്കണമെന്നാാവശ്യപ്പെട്ട് 2012ല്‍ ജനം തെരുവിലിറങ്ങിയപ്പോള്‍ ഹര്‍ത്താലുകളുമായി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പിന്തുണച്ചു. 2012 ജനുവരി 18ന് എല്‍ഡിഎഫും ബിജെപിയും ചേര്‍ന്നാണ് ജില്ലയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പിന്നാലെ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും വെവ്വേറെ ഹര്‍ത്താല്‍ നടന്നു. ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ 2013 ഒക്ടോബര്‍ 17 ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനംചെയ്തു. തൊട്ടുപിന്നാലെ നവംബറില്‍ ഇതേ വിഷയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയും ഹര്‍ത്താല്‍ നടത്തി. ഇടതുപക്ഷം പിന്തുണച്ചു. ഡിസംബര്‍ 27ന് ഹൈറേഞ്ച് സംരക്ഷണ സമിതി ഹര്‍ത്താല്‍ നടത്തിയത് പട്ടയത്തിന്റെ പേരിലായിരുന്നു. തുടര്‍ന്ന് പട്ടയ വിതരണംതന്നെ ഉപേക്ഷിച്ചു.
സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമെന്ന് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് 2014 ജനുവരിയിലായിരുന്നു അടുത്ത ഹര്‍ത്താല്‍. കസ്തൂരി രംഗന് വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 28 ന് വീണ്ടും ജില്ലയില്‍ ഹര്‍ത്താല്‍. അതേവര്‍ഷം മേയ് എട്ടിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിവിധി കേരളത്തിനെതിരായപ്പോള് ഹര്‍ത്താല്‍ യുഡിഎഫ് വകയായി. ഒടുവില്‍ മലയോര ഹൈവേയിലെ കലുങ്ക് പൊളിച്ചതില്‍ പ്രതിഷേധിച്ച് നിരാഹാരമിരുന്ന ജോയ്സ് ജോര്‍ജ് എം.പിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി അപ്രതീക്ഷിത ഹര്‍ത്താലും പ്രഖ്യാപിച്ചു.
2015 ജൂലൈ 17 ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വനം വകുപ്പിന്റെ നിലപാടുകള്‍ക്കെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി ഹര്‍ത്താല്‍ നടത്തി. സെപ്റ്റംബര്‍ എട്ടിന് മൂന്നാറില്‍ ബിഎംഎസ് പ്രവര്ത്തകന് മര്‍ദനമേറ്റ സംഭവത്തിലായിരുന്നു അടുത്ത ഹര്‍ത്താല്‍. 2016 ജൂലൈ 23ന് ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഹര്‍ത്താല്‍ നടത്തി. സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് അനാദരവ് കാട്ടിയെന്നാരോപിച്ച് ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി ഈ മാസം മൂന്നിന് ജില്ലാ ഹര്‍ത്താല്‍ നടത്തി.
സര്‍ക്കാരിന്റെ ഇഎസ്എ സത്യവാങ്മൂലത്തിനെതിരെ നാളെ യുഡിഎഫ് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇന്നലെ ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍ എത്തിയത്.കോട്ടയം: ജില്ലയില്‍ പരിസ്ഥിതിലോല മേഖലയായി ചേര്‍ത്തിരിക്കുന്ന പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, തീക്കോയി വില്ലേജുകളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് യുഡിഎഫ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.