കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ദിലീപിനെ രക്ഷിക്കാൻ കൂറുമാറിയ പ്രമുഖ താരങ്ങളുടെ മൊഴികൾ പുറത്ത്. നടൻ സിദ്ദിഖ് ഉൾപ്പടെ 21 സാക്ഷികളാണ് ദിലീപിനായി മൊഴി മാറ്റിയത്. ബിന്ദു പണിക്കർ, ഭാമ, നാദിർഷ, ഇടവേള ബാബു എന്നിവർ അടക്കമുള്ള താരങ്ങളാണ് പോലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞത്.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി “അമ്മ’ മുൻ ജനറൽ സെക്രട്ടറി സിദ്ദിഖ് പോലീസിൽ മൊഴി നൽകിയിരുന്നു. കൊച്ചിയിലെ “അമ്മ’ റിഹേഴ്സൽ ക്യാമ്പിൽവച്ച് ദിലീപ് ഈ കാര്യം തന്നോട് പറഞ്ഞെന്നായിരുന്നു മൊഴി.
ആക്രമിക്കപ്പെട്ട നടിയെ നേരിൽ കണ്ടാൽ തല്ലുമെന്നും ദിലീപ് പറഞ്ഞു. പ്രശ്ന പരിഹാരത്തിന് താൻ ശ്രമിച്ചു. ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചിരുന്നുവെന്നും സിദ്ദിഖ് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് സിദ്ദിഖ് കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു.
നടി ബിന്ദു പണിക്കരും പോലീസിൽ പറഞ്ഞ മൊഴി മാറ്റി പറഞ്ഞിരുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ബിന്ദു പണിക്കരും അമ്മ റിഹേഴ്സൽ ക്യാമ്പിൽ നടന്ന സംഭവങ്ങൾ വിവരിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ കോടതിയിൽ സാക്ഷിമൊഴി മാറ്റുകയായിരുന്നു.
തന്റെ റോളുകൾ ഒഴിവാക്കുന്നതായി ആക്രമിക്കപ്പെട്ട നടി പരാതി പറഞ്ഞിരുന്നുവെന്നും ദിലീപിന് ഇവരോട് വൈരാഗ്യം ഉണ്ടായിരുന്നുവെന്നുമാണ് ഇടവേള ബാബു പോലീസിൽ നൽകിയ മൊഴി. എന്നാൽ ഇത് പിന്നീട് മാറ്റുകയായിരുന്നു.
പ്രധാന പ്രതികളായ പൾസർ സുനി, വിഷ്ണു എന്നിവർ തന്നെ വിളിച്ചിരുന്നുവെന്നാണ് നാദിർഷ നൽകിയ മൊഴി. ജയിലിനകത്ത് നിന്നാണ് പൾസർ സുനി നാദിർഷയെ വിളിച്ചത്. എന്നാല് നാദിർഷയും കോടതിയിലെത്തിയപ്പോൾ മൊഴി മാറ്റുകയായിരുന്നു. കേസിൽ നിർണായകമാകേണ്ടിയിരുന്ന മൊഴികളാണ് സംഘടനയുടെ പ്രധാന ഭാരവാഹികളടക്കം മാറ്റിപ്പറഞ്ഞത്.