കൊച്ചി: ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. സിനിമയിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു. സിനിമാ ചർച്ചയ്ക്കായി തന്നോട് ആലുവയിലെ ഒരു വീട്ടിൽ വരാൻ ആവശ്യപ്പെട്ടു.
തിരക്കഥാകൃത്തും സംവിധായകനും ആലുവയിലെ വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അവിടേക്ക് വിളിപ്പിച്ചത്. അതിൻപ്രകാരം താൻ ആലുവയിലെ വീട്ടിലെത്തിയപ്പോൾ അടുത്ത റൂമിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു.
അൽപസമയത്തിനു ശേഷം ബാബുരാജ് മുറിയിൽ അതിക്രമിച്ച് കയറുകയും കതക് അടച്ചുവെന്നും ബലമായി കട്ടിലിൽ കിടത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി വെളിപ്പെടുത്തി. നിരവധി പെൺക്കുട്ടികൾ ബാബുരാജിന്റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി കൂട്ടിച്ചേർത്തു.
അതേസമയം, ലൈംഗിക ആരോപണത്തെ തുടർന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവച്ച ഒഴിവിലേക്ക് ജോയിന്റ് സെക്രട്ടറി ബാബുരാജിനെ പരിഗണിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ‘അമ്മ’യുടെ ബൈലോ പ്രകാരം ജനറല്‍ സെക്രട്ടറി രാജിവയ്ക്കുന്പോഴോ അഭാവത്തിലോ ആ സ്ഥാനത്തേക്ക് ജോയിന്റ് സെക്രട്ടറിയായ ആളാണു പരിഗണിക്കപ്പെടുക.