കൊണ്ടുപോയത് വളര്‍ത്താന്‍…! മെഡിക്കല്‍ കോളജില്‍നിന്ന് ക്രിസ്മസ് ദിനത്തില്‍ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി; സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍

arrestമുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഒന്നരവയസുകാരിയെ കണ്ടെത്തി. കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ സ്ത്രീയടക്കം രണ്ടുപേര്‍ പിടിയിലായി. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയും ഭര്‍ത്താവ് മുത്തുവുമാണ് പിടിയിലായത്.

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ നിന്ന് കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയത്.  ആശുപത്രിയില്‍ ചികിത്സക്കെത്തിയ കൊല്ലം സ്വദേശിയായ സുജയുടെ ഒന്നരവയസുകാരി മകള്‍ അഭിരാമിയെയാണ് കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കാണാതായത്. ഗുരുവായൂരില്‍ വെച്ച് സുജ പരിചയപ്പെട്ട സ്ത്രീയാണ് കുട്ടിയെ തട്ടിയെടുത്തത്.

സുജ രണ്ടാമത്തെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ സഹായത്തിനായി കൂടെ നിന്ന സ്ത്രീ അഭിരാമിയെ കുളിപ്പിക്കാനായി കൊണ്ടുപോവുകയും പിന്നീട് കടന്നുകളയുകയുമായിരുന്നു. ലോക്കല്‍ പോലീസാണ് ആദ്യം അന്വേഷണം നടത്തിയതെങ്കിലും പിന്നീട് അന്വേഷണം ഷാഡോ പോലീസ് ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ തമിഴ്‌നാട്ടിലും മുംബൈയിലും  ചെന്നൈയിലും അന്വേഷണം നടത്തിയെങ്കിലും പോലീസ് ഇവിടെ എത്തും മുമ്പെ കുട്ടിയുമായി സ്ത്രീയും മുത്തുവും രക്ഷപ്പെട്ടിരുന്നു. കുഞ്ഞിനെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.

ഇതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ഇവര്‍ പിടിയിലായത.് കുട്ടിയെ വളര്‍ത്താനായി കൊണ്ടുപോയതാണെന്നാണ് പിടിയിലായ സ്ത്രീ നല്‍കുന്ന സൂചന. കുട്ടിയും ഈ സ്ത്രീയും തമ്മില്‍ ഇപ്പോള്‍ നല്ല സ്‌നേഹത്തിലാണ്. അഭിരാമിയുടെ അമ്മ സുജ ഗുരുവായൂരില്‍ നിന്നുമെത്തി കുഞ്ഞിനെ തിരിച്ചറിഞ്ഞതായി സ്ഥിരീകരിച്ച ശേഷമേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു.

Related posts