റാവൽപിണ്ടി: ബംഗ്ലാദേശിനോടു റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടപ്പോൾ ഒന്നാം ഇന്നിംഗ്സിൽ നാലു വിക്കറ്റുകൾകൂടി കൈയിലിരിക്കേ ഡിക്ലയർ ചെയ്യാനെടുത്ത തീരുമാനത്തെ, തനിക്ക് ഇത് എന്തിന്റെ കേടായിരുന്നുവെന്ന് ഓർത്ത് പഴിക്കുകയായിരിക്കും പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ്.
പാക്കിസ്ഥാനെ അവരുടെ കളത്തിൽ കീഴടക്കി ബംഗ്ലാദേശ് ചരിത്രജയം കുറിച്ചു. പത്തു വിക്കറ്റ് ജയമാണ് ബംഗ്ലാ കടുവകൾ നേടിയത്. ആദ്യമായാണു ടെസ്റ്റിൽ ബംഗ്ലാദേശ് പാക്കിസ്ഥാനെ തോൽപ്പിക്കുന്നത്. ജയിക്കാൻ വേണ്ടിയിരുന്ന 30 റണ്‍സ് 6.3 ഓവറിൽ ബംഗ്ലാദേശ് നേടി.
മൂന്നു ടെസ്റ്റുകളുടെ പരന്പരയിൽ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. കഴിഞ്ഞ ഏഴു വർഷത്തിനിടെ ബംഗ്ലാദേശ് എവേ ടെസ്റ്റിൽ നേടുന്ന മൂന്നാമത്തെ ജയമാണിത്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സിൽ 191 റണ്‍സ് നേടിയ മുഷ്ഫിഖർ റഹീമാണ് കളിയിലെ താരം. രണ്ടാം ഇന്നിംഗ്സിൽ സക്കീർ ഹസൻ (15), സദ്മാൻ ഇസ്ലാം (9) എന്നിവരാണു ബംഗ്ലാദേശിനെ അനായാസ ജയത്തിലെത്തിച്ചത്.
സ്കോർ: പാക്കിസ്ഥാൻ 448/6. 146.
ബംഗ്ലാദേശ് 565, 30/0.
പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സ് ആറു വിക്കറ്റിന് 448 റണ്‍സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് മുഷ്ഫിഖർ റഹീമിന്റെ (191) മികവിൽ 565 റണ്‍സ് നേടി. 117 റണ്‍സിന്റെ മികച്ച ലീഡും സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സിൽ പാക്കിസ്ഥാനു ബംഗ്ലാ സ്പിന്നർമാരുടെ മുന്നിൽ കണക്കുകൂട്ടലുകൾ തെറ്റി. 146 റണ്‍സിന് എല്ലാവരും പുറത്തായി. 51 റണ്‍സുമായി മുഹമ്മദ് റിസ്വാൻ ടോപ് സ്കോററായി. പാക്കിസ്ഥാൻ ടോപ് ഓർഡറിലെ നാലു പേരിൽ മൂന്നു പേരെ ബംഗ്ലാ പേസർമാർ വീഴ്ത്തി.
ശേഷിക്കുന്ന ഏഴു വിക്കറ്റുകൾ സ്പിന്നർമാരായ ഷക്കീബ് അൽ ഹസനും മെഹ്ദി ഹസൻ മിർസയും പങ്കിട്ടെടുത്തു. നാലാം ദിനത്തിന്റെ അവസാനം പാക്കിസ്ഥാന് സയിം അയൂബിനെ നഷ്ടമായിരുന്നു.
അഞ്ചാം ദിനത്തിന്റെ തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്തിയ പേസർമാർ ബംഗ്ലാദേശിനു വിജയപ്രതീക്ഷ നല്കി. ബാബർ അസാമിനെ (22) യുവ പേസർ നഹിദ് റാണ ക്ലീൻബൗൾഡാക്കിയതിനു പിന്നാലെ അടുത്ത ഓവറിൽ സൗദ് ഷക്കീലിനെ (0) ഷക്കീബ് അൽ ഹസൻ വിക്കറ്റ്കീപ്പർ ലിട്ടൻ ദാസിന്റെ കൈകളിലെത്തിച്ചു.
പിന്നാലെ ഉച്ചഭക്ഷണത്തിനു പിരിയാൻ മൂന്ന് ഓവർ കൂടിയുള്ളപ്പോൾ ക്ഷമയോടെ ബാറ്റ് ചെയ്ത അബ്ദുള്ള ഷഫീഖിനെയും (37) ഷക്കീബ് പുറത്താക്കി. ഇതോടെ പാക്കിസ്ഥാൻ പരാജയഭീതിയിലായി. ഒരുവശത്ത് വിക്കറ്റുകൾ വേഗം വീഴുന്പോഴും റിസ്വാന്റെ ചെറുത്തുനിൽപ്പ് പ്രതീക്ഷകൾ നല്കി.
എന്നാൽ, വാലറ്റക്കാരെ പെട്ടെന്നു പുറത്താക്കിയ ബംഗ്ലാ ബൗളർമാർ പാക്കിസ്ഥാന്റെ മോഹങ്ങൾ തകർത്തു. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ മിർസ നാലും ഷക്കീബ് അൽ ഹസൻ മൂന്നും വിക്കറ്റ് വീഴ്ത്തി.
2021 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജയിച്ചശേഷം പാക്കിസ്ഥാനു സ്വന്തം മണ്ണിൽ ഇതുവരെ ടെസ്റ്റ് ജയിക്കാനായിട്ടില്ല. സ്വന്തം കളത്തിൽ പാക്കിസ്ഥാന്റെ തുടർച്ചയായ അഞ്ചാമത്തെ തോൽവിയാണിത്.