യഥാർഥ പേര് കാർത്തിക ബാലചന്ദ്രന് എന്നാണെങ്കിലും സിനിമയില്‍ ഒരുപാടു കാർത്തികമാർ ഉള്ളതിനാല്‍ ആ പേര് മാറ്റുകയായിരുന്നു. എനിക്ക് ഇഷ്ടമുള്ള രണ്ട് മൂന്ന് പേര് എഴുതിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത് കമല്‍സാർ തന്നെയാണ്.
അങ്ങനെ എഴുതിക്കൊടുത്തതില്‍ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പേരാണ് ഭാവന. ഗായത്രി, മൃദുല എന്നിവയൊക്കെയാണ് അന്ന് എഴുതിക്കൊടുത്തത്. ഇന്നാണെങ്കില്‍ വേറെ കുറേക്കൂടി വെറൈറ്റി പേരുകള്‍ പറഞ്ഞേനെ.
നമ്മളിന്റെ റൈറ്റർ കലവൂർ രവിയേട്ടന് വഴിയാണ് നമ്മളിലേക്ക് അവസരം ലഭിക്കുന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ എനിക്ക് സിനിമ വലിയ ഇഷ്ടമാണ്. പഠന കാലത്ത് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി രംഗത്തും വലിയ ആക്ടീവായിരുന്നു.
പിന്നെ അച്ഛന് ചെറിയ സിനിമാ കണക്ഷനും ഉണ്ടെന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം ഞാന്‍ എന്തായാലും സിനിമ നടിയാകുമെന്ന് കൂട്ടുകാരുമൊക്കെ പറയുമായിരുന്നു. നിന്നെ ഒരു നടിയായി കാണണം, നിന്നെ ബിഗ് സ്ക്രീനില്‍ കാണാം എന്നൊക്കെ പത്താംക്ലാസിലെ സുഹൃത്തുക്കള്‍ എഴുതിയിട്ടുള്ള ഓട്ടോഗ്രോഫ് ഞാന്‍ ഇപ്പോഴും എടുത്തു വച്ചിട്ടുണ്ട്. അന്ന് അവർ തമാശക്ക് എഴുതിയതാണെങ്കിലും ഇപ്പോള്‍ അത് കാണുമ്പോള്‍ ഒരു സന്തോഷമാണ്. -ഭാവന