കാഞ്ഞങ്ങാട്: പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രികന് എതിരേവന്ന സ്വകാര്യ ബസ് കയറി മരിച്ചു.
ബേഡകം തെക്കെക്കര സ്വദേശി ശ്രീനേഷാണ്(39) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന ശ്രീനേഷ് മേല്‍പ്പാലത്തിനു മുകളിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
തെറിച്ചു വീണ യുവാവിന്റെ ദേഹത്ത് സ്വകാര്യ ബസ് കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ശ്രീനേഷ് മരിച്ചിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും. ബേഡകം തെക്കേക്കരയിലെ ബാലകൃഷ്ണന്റെയും പരേതയായ ശ്യാമളയുടെയും മകനായ ശ്രീനേഷ് കംപ്യൂട്ടര്‍ കെയര്‍ കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു. സഹോദരി: ശുഭ.