കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവന്ന ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകണമെന്നു നടന് പൃഥ്വിരാജ്. റിപ്പോര്‍ട്ട് സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടെ എങ്ങനെ ബാധിക്കണമോ അത് അങ്ങനെതന്നെ ബാധിക്കണം. ആരോപണമുണ്ടെങ്കില്‍ അന്വേഷണമുണ്ടാകണം. കുറ്റകൃത്യം തെളിഞ്ഞാല്‍ മാതൃകാപരമായ നടപടി വേണം.
ആരോപണങ്ങള്‍ കള്ളമാണെന്ന് ബോധ്യപ്പെട്ടാല്‍ അതേ ശിക്ഷാനടപടികള്‍ തിരിച്ചും ഉണ്ടാകണം. ആരോപണവിധേയരുടെ പേരു പുറത്തുവിടുന്നതില്‍ നിയമതടസങ്ങളില്ല. ഇരകളുടെ പേരുകളാണു നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള പേരുകള്‍ പുറത്തുവിടണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്.
പവര്‍ ഗ്രൂപ്പ് ഇല്ലെന്നു പറയാനാകില്ല
സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല. എനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി അത്തരമൊരു ഗ്രൂപ്പ് ഇല്ലെന്ന് പറയാന്‍ കഴിയില്ല. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാള്‍ ഞാനാണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്താനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഒരു ഞെട്ടലുമില്ല. കുറ്റം ചെയ്തവരെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ തുടര്‍നടപടികള്‍ എന്താണെന്നറിയാന്‍ നിങ്ങളെപ്പോലെ എനിക്കും ആകാംക്ഷയുണ്ട്.
‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചു
പരാതികള്‍ പരിഹരിക്കുന്നതില്‍ ‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ശക്തമായ ഇടപെടലുകള്‍ ‘അമ്മ’യുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. പദവികളില്‍ ഇരിക്കുന്നവര്ക്കെതിരേ ആരോപണങ്ങളുണ്ടായാല്‍ അവര്‍ ആ സ്ഥാനങ്ങളില്‍നിന്നു മാറിനില്‍ക്കണം. അത്തരം സ്ഥാനങ്ങളില്‍ തുടര്‍ന്നുകൊണ്ട് അന്വേഷണത്തെ നേരിടാന്‍ പാടില്ല. മാറിനിന്ന് അന്വേഷണം നേരിടുകയാണു വേണ്ടത്. ഏതു സംഘടനയില്‍ ആയാലും എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണം. ആരെയും മാറ്റിനിര്‍ത്തരുത്. എനിക്കു ചെയ്യാന്‍ കഴിയുന്നത് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. പക്ഷേ അതോടെ ഉത്തരവാദിത്വം തീരുന്നില്ല.
ആരെയും വിലക്കാന്‍ പാടില്ല
സിനിമയില്‍ ആരെയും വിലക്കാന്‍ പാടില്ല. നിലപാട് പറഞ്ഞതിന്റെ പേരില്‍ പാര്‍വതിക്കു മുന്‍പ് എനിക്കാണ് വിലക്കുണ്ടായത്. സിനിമയില്‍ ബഹിഷ്കരണവും വിലക്കും പാടില്ല. വ്യക്തിപരമായി ആരെയെങ്കിലും ബഹിഷ്കരിക്കാന്‍ വ്യക്തികള്‍ക്ക് സാധിക്കും. എന്നാല്‍ പദവികളിലിരിക്കുന്നവര്‍ അതു ചെയ്താല്‍ അത് നിരോധനത്തിന്റെ ഫലം ചെയ്യും. അങ്ങനെ ചെയ്യാനുള്ള അവകാശമോ അധികാരമോ ആര്‍ക്കുമില്ല- പൃഥ്വിരാജ് പറഞ്ഞു.