കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തു.ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു.
പരാതി നോര്‍ത്ത് പോലീസിനു കൈമാറിയെന്നും 354 ഐപിസി വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരം കേസിലെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയിലിലൂടെയാണു നടി പരാതി നല്‍കിയത്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിക്രമം നടന്നതു കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ചാണെന്നും പരാതിയില്‍ പറയുന്നു.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്നാണു ശ്രീലേഖ വെളിപ്പെടുത്തിയത്. സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി രഞ്ജിത്ത് താമസിക്കുന്ന കടവന്ത്രയിലെ ഫ്ലാറ്റിലേക്കു തന്നെ വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് തന്റെ കൈയിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നുമാണ് നടി വെളിപ്പെടുത്തിയത്.
സ്ത്രീത്വത്തെ അപമാനിച്ചെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ അയച്ച ഇ-മെയില്‍ പരാതിയിലുണ്ട്. ഫ്ലാറ്റിലേക്കു ക്ഷണിച്ചത് രഞ്ജിത്താണ്. സിനിമയല്ല ഉദ്ദേശ്യം എന്നു മനസിലായതോടെ ഹോട്ടല്‍ മുറിയിലേക്കു മടങ്ങി. സംഭവത്തെക്കുറിച്ച് സൃഹൃത്തായ സംവിധായകന് ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറയുന്നു. നേരത്തെ രഞ്ജിത്തിനെതിരേ പോലീസില്‍ പരാതി നല്‍കില്ലെന്നായിരുന്നു ശ്രീലേഖ മിത്രയുടെ നിലപാട്. നിയമപരമായി നീങ്ങാന്‍ ഒരുങ്ങുകയാണെന്ന് രഞ്ജിത്ത് അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ശ്രീലേഖ പരാതി നല്‍കിയത്.
കേസെടുക്കാന്‍ പരാതി വേണമെന്നാണു സര്‍ക്കാർ നിലപാടെന്ന് അറിഞ്ഞു. അതിനാലാണു രേഖാമൂലം പരാതി നല്‍കുന്നതെന്നും ശ്രീലേഖ വ്യക്തമാക്കി.