കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ പകച്ചു നില്ക്കുന്ന മലയാള സിനിമയില്‍ ഇനി പോലീസിന്റെ “ആക്ഷന്‍ സീന്‍’. സിനിമാ രംഗത്തെ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞവരില്‍ നിന്ന് മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം.
പോലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ജി. പൂങ്കുഴലി, എസ്. അജിത ബീഗം, മെറിന് ജോസഫ്, ഐശ്വര്യ ഡോങ്റെ, വി. അജിത്ത്, എസ്. മധുസൂദനന് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. പ്രത്യേക അന്വേഷണ സംഘത്തില്‍ മുതിര്‍ന്ന വനിത ഓഫീസര്‍മാര്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഇരകള്‍ പരാതി നല്കാന് മടിയില്ലാതെ മുന്നോട്ടുവരുമെന്നാണ് വിലയിരുത്തല്‍.
ഇതുവരെ ആരോപണം ഉന്നയിച്ച മുഴുവന്‍ പേരെയും സമീപിക്കും. ആരോപണത്തില്‍ ഉറച്ചുനിന്നാല്‍ മൊഴി പരിശോധിച്ച് കേസെടുത്ത് തുടര്‍ നിയമ നടപടികളിലേക്ക് കടക്കാനാണ് നീക്കം. ഓരോ ഉദ്യോഗസ്ഥക്ക് കീഴിലും വനിതാ പോലീസ് അടങ്ങുന്ന ടീമുകള്‍ ഉണ്ടാക്കിയാകും മൊഴി രേഖപ്പെടുത്തല്‍.
അതേസമയം ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരേ ബംഗാളി നടി ശ്രീലേഖ മിത്ര കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു.
ഇ-മെയിലില്‍ ലഭിച്ച പരാതിയില്‍ 354 ഐപിസി പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദര്‍ പറഞ്ഞു.
സ്വന്തം ലേഖിക
ശ്രീലേഖ മിത്രയെയുംമിനു മുനീറിനെയുംപോലീസ് ബന്ധപ്പെട്ടു
കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വച്ച് ലൈംഗിക ഉദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നുമാണ് ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിലുള്ളത്. 2009- 10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത “പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.
മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു, ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരന് എന്നിവര്‍ക്കെതിരെ ആരോപണം ഉന്നയിച്ച മിനു മുനീറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് എസ്പി ജി. പൂങ്കുഴലി പറഞ്ഞു.
അവര്‍ പരാതി തയാറാക്കുകയാണെന്നും ഉടന്‍ ഇ-മെയില്‍ അയയ്ക്കുമെന്നും അറിയിച്ചതായി എസ്പി പറഞ്ഞു. ആരോപണ വിധേയരായ ഏഴു പേരുടെയും പേരില്‍ ഏഴു പരാതികളാണ് മിനു തയാറാക്കി അന്വേഷണ സംഘത്തിന് കൈമാറുന്നത്. സംവിധായകന് വി.കെ പ്രകാശിനെതിരെ യുവ എഴുത്തുകാരി ഡിജിപിക്ക് നല്കിയ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നുമാണ് ലഭ്യമാകുന്ന വിവരം.