കൊല്ലം :കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം: കൊടിക്കുന്നില്‍

klm-KODIKUNNILകൊല്ലം :കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി  ആവശ്യപ്പെട്ടു. കൊലപാതക രാഷ്ട്രീയത്തിലൂടെ തങ്ങളുടെ സംഘടനാ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഇരു പാര്‍ട്ടികളുടേയും നീക്കം ജനങ്ങളോടുള്ള കനത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ച്ചയായുണ്ടാകുന്ന സിപിഎം ആര്‍എസ്എസ് സംഘട്ടനങ്ങളും കൊലപാതകങ്ങളും കേരളത്തെ അരാജകത്വത്തിലേക്ക് തള്ളി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും പരസ്പരം  കൊല്ലും കൊലയും നടത്തി കേരളത്തെ ചോരക്കളമാക്കുന്നത് കേരളത്തിന്റെ വികസനത്തെ മുരടിപ്പിക്കും. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് കേരളത്തില്‍ ശക്തി പ്രാപിക്കുന്നതിന് സഹായകരമായ നിലപാടാണ് സിപിഎം അക്രമ രാഷ്ട്രീയത്തിലൂടെ സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിന്റെ സമാധാന അന്തരീക്ഷം പാടെ തകര്‍ത്ത് ആയുധമേന്തി പരസ്പരം പോരടിക്കുന്ന ഇരു പാര്‍ട്ടികളും കേരളത്തിന് ശാപമായി മാറിയിരിക്കുകയാണ്. കണ്ണൂരില്‍ ആരംഭിച്ചിരിക്കുന്ന കൊലപാതക രാഷ്ട്രീയം ഇരു പാര്‍ട്ടികളും അവസാനിപ്പിച്ച് ആശയപരമായ പോരാട്ടത്തിന് തയാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയിലൂടെ അറിയിച്ചു.

Related posts