കോട്ടയം: പൊന്നോണത്തിന് വേണ്ടതിന്റെ പകുതിപോലും പാല് നാട്ടിലെ പശുക്കള്‍ ചുരത്തില്ല. തൈരിനും മോരിനും പായസത്തിനുമൊക്കെ ഈ ഓണത്തിനും അയല്‍ സംസ്ഥാനങ്ങളിലെ പാലിനെ ആശ്രയിച്ചേ തീരൂ.
കടുത്ത വേനലില്‍ പശുവളര്‍ത്തല്‍ കര്‍ഷകര്‍ ഉപേക്ഷിച്ചതിനാലും ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനാലും പാലിന്റെ അളവ് കുറഞ്ഞുവരികയാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് 1.25 കോടി ലിറ്റര്‍ പാല് ഓണത്തിന് വാങ്ങാനാണ് മില്‍മയുടെ തീരുമാനം.
ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലാണ് അധികം പാല് വേണ്ടി വരിക. ആവശ്യമെങ്കില്‍ കൂടുതല്‍ പാല് എത്തിക്കാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.11-12 ലക്ഷം ലിറ്ററാണ് സംസ്ഥാനത്തെ പ്രതിദിന പാല് ഉത്പാദനം. ഉപഭോഗം 18.50 ലക്ഷം ലിറ്ററും. ഈ സാഹചര്യത്തില്‍ 6-7 ലക്ഷം ലിറ്റര്‍ പാല് ദിവസേന മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങണം. ഓണം നാളുകളില്‍ 25 ലക്ഷം ലിറ്റര്‍വരെ വേണ്ടിവരും.
പാല് ഉത്പാദനത്തില്‍ ജില്ലയില്‍ 20 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. വേനലില്‍ പുല്ല് കിട്ടാതെ വന്നതും കാലിത്തീറ്റ വിലവര്‍ധനവും കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. വിവിധ കമ്പനികളുടെ 50 കിലോ തീറ്റ വില 1500 രൂപയ്ക്ക് അടുത്തെത്തി. ചെലവനുസരിച്ച് പാല് വില വര്‍ധന ഉണ്ടാകുന്നുമില്ല. നിലവില്‍ ദിവസേന 80,000 ലിറ്റര്‍ പാലാണ് സൊസൈറ്റികള്‍ മുഖേന മില്‍മയ്ക്കു ലഭിക്കുന്നത്.
സ്വയം പര്യാപ്തത കൈവരിക്കാനായി ക്ഷീരവികസന വകുപ്പ് നടപ്പാക്കിയ മില്‍ക്ക് ഷെഡ് പദ്ധതി നിലച്ച മട്ടിലാണ്. അത്യുത്പാദന ശേഷിയുള്ള പശുക്കളുടെ അഭാവം ഉത്പാദനത്തെ ബാധിച്ചു. പശുക്കളുടെ ചികിത്സാ ചെലവ് വര്‍ധിച്ചതും മരുന്നുവില കൂടിയതും കര്‍ഷകര്‍ക്കു ബാധ്യതയായി.
ചെറുതും വലുതുമായ ഇരുപതിലേറെ കമ്പനികള്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലാണ് ദിവസവും ജില്ലയില്‍ വില്‍ക്കുന്നത്. ഇപ്പോഴും അന്യ സംസ്ഥാനത്തുനിന്നും വന്‍ തോതില്‍ വ്യാജ പാല് ജില്ലയിലേക്ക് എത്തുന്നുണ്ട്. ആര്യന്‍കാവ്, മീനാക്ഷിപുരം എന്നിവിടങ്ങളിലാണ് മില്‍ക്ക് ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓണക്കാലത്ത് കുമളിയിലും ആരംഭിക്കും. വ്യാജ പാല് തടയാന്‍ ക്ഷീര വികസന വകുപ്പിന്റെ ക്വാളിറ്റി കണ്ട്രോള് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലൈവ് പരിശോധന ഉള്‍പ്പെടെ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.