പാലക്കാട്: പൂച്ച മാന്തിയതിനെ തുടർന്ന് കുത്തിവയ്പെടുത്ത യുവതിക്ക് അലർജിയും ക്ഷീണവും തളർച്ചയുമെന്ന് പരാതി. ആശുപത്രിയുടെ ചികിത്സപിഴവെന്ന് ആരോപിച്ച് ആരോഗ്യമന്ത്രിക്കും പാലക്കാട് ഡിഎംഒയ്ക്കും പരാതി നൽകി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരേ പാലപ്പുറം കോട്ടത്ര വലിയപറന്പിൽ നൗഷാദിന്റെ മകൾ ഫാത്തിമ റിതം (24) ആണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ 16 നാണ് കൈയിൽ പൂച്ചമാന്തിയതിനെ തുടർന്ന് ഫാത്തിമ റിതത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. സാധാരണ എടുക്കാറുള്ള റാബിസ് വാക്സിനും ടിടിയും ആശുപത്രിയിൽ നിന്നെടുത്തു.
തിരികെ വീട്ടിലെത്തിയപ്പോൾ ക്ഷീണവും ഇൻജക്ഷനെടുത്ത സ്ഥലത്ത് ചൊറിച്ചിലും അനുഭവപ്പെട്ടെന്നും തുടർന്ന് വീണ്ടും താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ വീണ്ടും ഒരു ഇൻജക്ഷൻ കൂടിയെടുത്തെന്നും എന്നാൽ തിരികെ വീട്ടിലെത്തിയിട്ടും അസ്വസ്ഥകൾ മാറിയില്ലെന്നും വീട്ടുകാർ പറയുന്നു.
ദേഹാസ്വാസ്ഥ്യം വർധിച്ചതോടെ ഫാത്തിമയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നൽകിയ ചികിത്സയെ തുടർന്ന് ഫാത്തിമയ്ക്ക് അസുഖം അൽപം ഭേദപ്പെട്ടു. എങ്കിലും ക്ഷീണവും ലോ ബിപിയും തുടരുന്നുണ്ടെന്ന് വീട്ടുകാർ പറയുന്നു.
താലൂക്ക് ആശുപത്രിയിൽ ഇൻജക്ഷനെടുത്തപ്പോൾ എന്തുകൊണ്ടാണ് തനിക്ക് ദേഹാസ്വാസ്ഥ്യവും ക്ഷീണവും ചൊറിഞ്ഞുതടിക്കലുമനുഭവപ്പെട്ടതെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ഫാത്തിമ പരാതി നൽകിയിരിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.