തിരുവനന്തപുരം: തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. സിനിമാ രംഗത്തെ സംശുദ്ധമാക്കാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ഏഴ് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ചലച്ചിത്ര രംഗത്ത് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരുടെ പരാതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുകേഷിന്റെ രാജിക്കാര്യം ചോദിച്ച മാധ്യമപ്രവർത്തകരോട് മറു ചോദ്യം ചോദിച്ച് ഇ.പി. ജയരാജൻ പ്രതിരോധം തീർത്തു.
കോണ്‍ഗ്രസ് എംഎൽഎമാർ ആരോപണം നേരിട്ടപ്പോൾ രാജിവച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇരകളോടൊപ്പമാണ്. മാധ്യമങ്ങൾ വേട്ടക്കാർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ നേതാവ് ആനിരാജ മുകേഷിന്റെ രാജി ആവശ്യപ്പെട്ട കാര്യം ചൂണ്ട ിക്കാട്ടിയപ്പോൾ ആർക്കും എന്തും ആവശ്യപ്പെടാമെന്നും അതെല്ലാം സിപിഐയോട് ചോദിക്കുവെന്നും അദ്ദേഹം പറഞ്ഞു.
മുകേഷിനെ കാണാനില്ലെന്നും അദ്ദേഹം എവിടെയാണെന്നുമുള്ള ചോദ്യത്തിനും ഇ.പി. മറുപടി പറഞ്ഞില്ല. അതെല്ലാം മുകേഷിനോട് ചോദിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.