കൊച്ചി: വിവാദ കലുഷിതമായ അവസ്ഥയിലൂടെയാണ് ഇന്ന് മലയാള സിനിമാ ലോകം കടന്നുപോകുന്നത്. പല പ്രമുഖ നടൻമാർക്കെതിരെയും ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് ജൂണിയർആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതിനുമുൻപ് നടി സ്വാസിക മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഡബ്ല്യൂസിസി എന്ന സംഘടനയെ കുറിച്ചും പറഞ്ഞ ചില വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം സിനിമയിൽ ഉണ്ടെന്ന് തോന്നിയിട്ടില്ലന്ന് സ്വാസിക അഭിപ്രായപ്പെട്ടിരുന്നു. ധൈര്യം നമ്മുടെ ഉള്ളിൽ നിന്ന് വരേണ്ടതാണ്. ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പരാതികൾ പോയി പറയുന്നത്. ഡബ്ല്യുസിസിയിൽ ആണെങ്കിലും മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മൾ ഒരു പരാധിയുമായി ചെന്നാൽ ഉടനെ തന്നെ നീതി കിട്ടുന്നോണ്ടോ എന്നും താരം ചോദിച്ചു.
എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ പരാതി പറയാൻ നമുക്ക് വേറെ എത്രയോ സ്ഥലങ്ങളുണ്ട്, പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതി പറഞ്ഞുകൂടെയെന്നും സ്വാസിക ചോദിച്ചു.
സിനിമയിൽ എന്നല്ല മറ്റേത് സംഘടനകളിൽ ആണെങ്കിലും ‘നോ’ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് നിർബന്ധിച്ച് ഒന്നും ചെയ്യില്ല. നമ്മൾ ലോക്ക് ചെയ്ത മുറി നമ്മൾ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല. നമ്മളെ ആരും ബലം പിടിച്ച് റൂമിലേക്ക് വലിച്ച് കയറ്റി റേപ്പ് ചെയ്യുമെന്ന് തോന്നുന്നില്ല. നമ്മളോട് അവർ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിർക്കാനുള്ള കഴിവ് എല്ലാ പെണ്ണുങ്ങൾക്കുമുണ്ടെന്നും സ്വാസിക വ്യക്തമാക്കി.
മറ്റേത് ജോലി സ്ഥലത്തേക്കാളും സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്നത് സിനിമ മേഖലയിലാണ് എന്നാണ് തനിക്ക് തോന്നുന്നതെന്നും താരം കൂട്ടിച്ചേർത്തു. സ്വാസികയുടെ വാക്കുകൾ വീണ്ടും ശ്രദ്ധനേടിയതോടെ നടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് എത്തുന്നത്.