മാവേലിക്കര: പുന്നമൂട് ജംഗ്ഷന് കിഴക്കുവശം ആളില്ലാത്ത നാലോളം വീടുകളുടെ മുന്‍വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ല കുറ്റപ്പുഴ പന്ത്രുമലയില് നസീം (52) എന്നയാളെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്ത് നേതൃത്വത്തിലുള്ള മാവേലിക്കര പോലീസും ചേര്‍ന്ന് വലയിലാക്കി.
ഈ കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. മാവേലിക്കര പുന്നമൂട് ജംഗ്ഷനു കിഴക്കുവശം പോനകം ഭാഗത്ത് ആളില്ലാത്ത നാലു വീടുകളുടെ മുന്‍വാതില്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണവും വിദേശ കറന്‍സികളും കവര്‍ച്ച ചെയ്യപ്പെട്ടത്.
തുടര്‍ന്ന് നടത്തിയ സാങ്കേതികരീതിയിലുള്ള അന്വേഷണത്തിലും സമാനരീതിയില്‍ മോഷണം നടത്തിയിട്ടുള്ള മുന്‍ മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു പരിശോധിച്ചതില്‍നിന്നുമാണ് നിരവധി മോഷണക്കേസ് പ്രതിയായ റോയി എന്നുവിളിക്കുന്ന നസീമാണ് ഈ മോഷ്ടാവ് എന്ന് തിരിച്ചറിയുന്നത്.
മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്ത്, എസ്ഐമാരായ നൗഷാദ്. ഇ, അന്‍വര്‍ സാദത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗംഗാപ്രസാദ്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്കര്‍, സിവില്‍ പോലീസ് ഓഫീസറായ അനന്തമൂര്‍ത്തി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയ്.
അറസ്റ്റ് രേഖപ്പെടുത്തിയ റോയി എന്ന നസീമിനെ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതി-1ല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.