തൃശൂർ: കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമുയർന്നപ്പോൾ അന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെ സംരക്ഷിച്ചവർ ഇപ്പോഴെന്തേ അദ്ദേഹത്തെ മാറ്റുന്നുവെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
അന്ന് ജയരാജൻ ജാവേദ്ക്കറെ കണ്ടതിൽ പ്രശ്നമില്ലെന്ന് പറഞ്ഞ പിണറായി വിജയനും സിപിഎമ്മും ഇപ്പോൾ എന്തിന് ജയരാജനെ മാറ്റുന്നുവെന്ന് മനസിലാകുന്നില്ലെന്നും യുഡിഎഫിന്റെ ആരോപണങ്ങൾ ഇതോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സതീശൻ തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിനും നേതാക്കൾക്കും ബിജെപിയുമായി ബന്ധമുണ്ടെന്ന് ആദ്യമേ പറഞ്ഞത് യുഡിഎഫാണ്. ജയരാജന് രാജീവ്ചന്ദ്രശേഖറുമായും ജാവേദ്ക്കറുമായും ബന്ധമുണ്ട്. ഇത് ഞങ്ങൾ അന്നു പറഞ്ഞപ്പോൾ സിപിഎമ്മും ജയരാജനും മുഖ്യമന്ത്രിയും ഇത് നിഷേധിച്ചവരാണ്. ഇപ്പോൾ ത്യാഗപൂർണമായി ജയരാജൻ ആ പദവി ഒഴിയുകയല്ലല്ലോ എന്നും സതീശൻ ചോദിച്ചു.
അവർ തമ്മിൽ തെറ്റായ ബിസിനസ് ബന്ധമുണ്ടെന്ന് തന്നെയാണ് യുഡിഎഫ് ആരോപിച്ചത്. അന്ന് ജയരാജൻ ജാവേദ്ക്കറെ കണ്ടതിനെ മുഖ്യമന്ത്രി ന്യായീകരിച്ചാണ് സംസാരിച്ചത്. അവരുടെ കൂടിക്കാഴ്ച മുഖ്യമന്ത്രിക്കു വേണ്ടിയായിരുന്നുവെന്നാണ് യുഡിഎഫ് പറഞ്ഞത്. ജാവേദ്ക്കറെ താനും പലതവണ കണ്ടെന്ന് പിണറായി വിജയനും പറഞ്ഞിരുന്നു.
കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള പ്രഭാരിയെ എന്തിന് സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കാണുന്നതിന്റെ ആവശ്യമെന്താണ്. പോയവഴിക്ക് ജാവേദ്ക്കർ വീട്ടിൽ കയറിയെന്നാണ് പറയുന്നത്, പോയവഴിക്ക് ഇവരാരും ഞങ്ങളുടെ വീട്ടിൽ കയറിയില്ലല്ലോ എന്ന് സതീശൻ ചോദിച്ചു.
കേരളത്തിലെ സിപിഎമ്മിനും നേതാക്കൾക്കുമെതിരെയുള്ള കേസുകളെ ദുർബലമാക്കാനാണ ജയരാജൻ ജാവേദ്ക്കറെ കണ്ടതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കരുവന്നൂർ വിഷയത്തിൽ പിടിമുറുക്കിയ ഇഡി ഇന്നെവിടെപ്പോയെന്നും സതീശൻ ചോദിച്ചു.കേരള പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്നും സതീശൻ ആരോപിച്ചു.
കേരളത്തിലെ പോലീസ് ഒന്നടങ്കം തലയിൽ മുണ്ടല്ല പുതപ്പിട്ടു നടക്കേണ്ട ഗതികേടിലാണ്. സ്കോട്ട്ലാൻഡ് പോലീസിനെ വെല്ലുന്ന പോലീസായിരുന്നു കേരളത്തിന്റേത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. പോലീസിലെ ഉന്നതർക്കെതിരെ ആരോപണമുന്നയിക്കുന്നതും മന:പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതുമെല്ലാം സേനയിലുള്ളവർ തന്നെയാണ്. സിപിഎമ്മിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പറയുന്നതിന് അപ്പുറം ഉന്നത പോലീസുകാർ പോലും ഒന്നും ചെയ്യാത്ത സ്ഥിതിയാണെന്നും സതീശൻ കുറ്റപ്പെടുത്തി