വടകര: റെയില്‍വെ സ്റ്റേഷന് വളപ്പില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്കാരം നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്ക് ഇരുട്ടടിയായി. സ്റ്റേഷനു മുന്നില്‍ നിന്നു വാഹനത്തില്‍ കയറുന്നവര്‍ക്ക് തെക്ക് കീര്‍ത്തി തിയേറ്റര്‍ റോഡിലൂടെ മെയിന്‍ റോഡില്‍ കടന്നുവേണം യാത്ര തുടരാന്‍. തെക്കും കിഴക്കുമുള്ളവര്ക്ക് ഇത് ആശ്വാസമാണെങ്കില്‍ പടിഞ്ഞാറന്‍ മേഖലയില്‍ എത്തിപ്പെടേണ്ടവര്‍ക്ക് സമയവും പണവും നഷ്ടമാകുന്ന യാത്രയായി മാറിയിരിക്കുകയാണ്. പ്രധാനമായും ഓട്ടോയാത്രക്കാരെയാണ് ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഇരട്ടി തുകയോളം നല്‍കേണ്ട സ്ഥിതി.
മുമ്പ് ഇവര്‍ക്കെല്ലാം സ്റ്റേഷനു സമീപത്തെ ആര്‍എംഎസ് റോഡ് വഴി മുത്തപ്പന് ക്ഷേത്രത്തിനു മുന്നിലൂടെ റെയില്‍വെ ലവല്‍ക്രോസ് കടന്ന് എളുപ്പം ലക്ഷ്യസ്ഥാനത്ത് എത്താമായിരുന്നു. വാഹനങ്ങളുടെ പെരുപ്പം ഗതാഗതകുരുക്കിനു കാരണമായതോടെയാണ് റെയില്‍വെ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്നവ തെക്ക് കീര്‍ത്തി തിയേറ്റര്‍ റോഡ് വഴി പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതാവട്ടെ തീരദേശ മേഖലയില്‍ പോകേണ്ടവര്‍ക്കു ദുരിതവുമായി.
ഇതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടി വേണമെന്ന അഭിപ്രായം ഉയരുകയാണ്. ഇതിന് അനുയോജ്യമായ പരിഹാര നടപടിയും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയിലുള്ളവരെ ലക്ഷ്യമിട്ടു ചെറിയൊരു വാഹനപാര്‍ക്കിംഗ് റെയില്‍വെ സ്റ്റേഷനു പടിഞ്ഞാറ് ആരംഭിക്കണമെന്നാണ് അഭിപ്രായം. ഇവിടത്തെ ലവല്ക്രോസിനോട് ചേര്‍ന്ന് ഇതിനാവശ്യമായ സ്ഥലവുമുണ്ട്.
ട്രെയിന്‍ ഇറങ്ങുന്നവരില്‍ ഈ ഭാഗത്തേക്കു പോകേണ്ടവര്‍ അല്പം നടന്ന് ഈ പാര്‍ക്കിംഗ് കേന്ദ്രത്തിലെത്തിയാല്‍ വാഹനത്തില്‍ കയറി എളുപ്പം പോകാവുന്നതേയുള്ളൂ. മാത്രമല്ല എടോടി മേഖലയില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് ആശ്വാസം ലഭിക്കുകയും ചെയ്യും. കീര്‍ത്തി തിയേറ്റര്‍ റോഡിലൂടെ മെയിന്‍ റോഡില്‍ കടന്നു വീതി കുറഞ്ഞ എടോടി വഴി കോട്ടപ്പറമ്പിലേക്ക് കടക്കുന്നതോടെ വാഹനങ്ങളുടെ കുരുക്ക് മുറുകും. ഇത്തരം യാത്ര ഒഴിവാക്കാന്‍ പുതിയ പാര്‍ക്കിംഗ് കൊണ്ടു കഴിയും. കുരിയാടി മുതല്‍ അഴിത്തല വരെയുള്ളവരെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാവും ഇത്.
മാത്രമല്ല തെക്ക് നിന്നു വരുന്ന ട്രെയിനിലെ യാത്രക്കാര്‍ രണ്ടാം പ്ലാറ്റ് ഫോമില്‍ ഇറങ്ങി ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനു പകരം നേരെ വടക്കോട്ടു് നടന്നു പുതിയ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തുന്ന വാഹനത്തില്‍ കയറി ഒന്തം ഓവര്‍ബ്രിഡ്ജ് വഴി വടക്കന്‍ മേഖലയിലേക്ക് പോകാനും കഴിയും. ഇത്തരമൊരു പാര്‍ക്കിംഗിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു കസ്റ്റംസ്റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്‍സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന് മോട്ടോര്‍വാഹന അധികൃതര്‍ക്കും പോലീസിനും മുനിസിപ്പല്‍ അധികാരികള്‍ക്കും നിവേദനം നല്കി.