അടൂര്‍: നിര്‍ത്തിയിട്ട കാറിനുള്ളിലെ മദ്യപാനം ചോദ്യം ചെയ്ത വനിതാ എസ്ഐ ഉള്‍പ്പെടെ പോലീസുകാര്‍ക്ക് മര്‍ദനം, മൂന്നു പേര് അറസ്റ്റില്‍. സംഭവത്തില്‍ അടൂര്‍ വനിതാ എസഐ കെ.എസ്.ധന്യ, സിപിഒമാരായ വിജയ് ജി.കൃഷ്ണ, ആനന്ദ് ജയന്, റാഷിക് എം.മുഹമ്മദ് എന്നിവര്‍ക്കു പരിക്കേറ്റു.
ഇവരെ മര്‍ദിച്ച സംഭവത്തില്‍ അടൂര്‍ സ്വദേശികളായ ഉണ്ണി, പ്രേംജിത്ത്, അനൂപ് എന്നിവരെ അടൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി എട്ടോടെ അടൂര്‍ വട്ടത്തറപ്പടി ജംഗ്ഷനു സമീപമായിരുന്നു സംഭവം.
നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്നു വനിതാ എസ്ഐയും സംഘവും. ഇതിനിടെ പോലീസ് ജീപ്പിനു പിറകില്‍ കസ്റ്റഡിയിലായവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തി കാറിനുള്ളില്‍ ഇരുന്ന് മദ്യപിച്ചു.
ഇതുകണ്ട വനിതാ എസ്ഐ സംഘത്തോടു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ സംഘം എസ്ഐയെ മര്‍ദ്ദിക്കുകയായിരുന്നു.
എസ്ഐയെ മര്‍ദിക്കുന്നതുകണ്ട് തടസം പിടിക്കാന്‍ എത്തിയ പോലീസുകാരെയും കസ്റ്റഡിയിലായവര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.