സോഷ്യൽ മീഡിയയിൽ നേരത്തെ പങ്കുവച്ച പഴയ വീഡിയോ കുത്തിപ്പൊക്കി തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നുവെന്ന് നടി ഷാലിൻ സോയ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഷാലിൻ സോയ രംഗത്ത് എത്തിയത്.
ക്രൂരമായ സൈബർ ലോകത്തെ താൻ വെറുക്കുന്നുവെന്നും വിശദീകരണം നൽകിയാൽ വീണ്ടും ട്രോളുകൾ ഉണ്ടാകുമെന്നും ഷാലിൻ സോയ പറഞ്ഞു.
‘ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. അപ്പോൾ ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വീഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിംഗിന്റെ മറ്റൊരു തലമാണ്. നിങ്ങൾ പറയു, ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ അതിനൊരു വിശദീകരണം തന്നാൽ പിന്നെയും ട്രോളുകൾ ഉണ്ടാകില്ലേ. സൈബർ ലോകം ക്രൂരമാണെന്ന് എനിക്കറിയാം.
പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാൻ അവരെ വെറുക്കുന്നു.’ ശാലിൻ പറഞ്ഞു.
ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഷാലിൻ സോയ വീഡിയോ ഷൂട്ട് ചെയ്തത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങൾക്കുമിടയിൽ ഈ വീഡിയോ ട്രോൾ രൂപത്തിലാക്കി വീണ്ടും വൈറലായി. ഇതിന് പിന്നാലെയാണ് ഷാലിൻ പ്രതികരണം നൽകിയത്.