മലപ്പുറം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. കള്ളക്കടത്ത് സംഘവുമായി അജിത് കുമാറിന് നേരിട്ട് ബന്ധമുണ്ടെന്നും അയാൾക്ക് മുമ്പിൽ ദാവൂദ് ഇബ്രാഹിം വരെ തോറ്റു പോകുമെന്നും എംഎൽഎ വിമർശിച്ചു.
മന്ത്രിമാരുടെ ഫോൺ വരെ അജിത് കുമാർ ചോർത്തുന്നുണ്ട്. ഇത് സൈബർ സംഘത്തിന് അടക്കം കണ്ടെത്താൻ സാധിക്കുന്നില്ല. ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തു കൊണ്ടുവരാൻ മറ്റ് മാർഗമില്ലാത്തതിനാൽ ഗതികേട് കൊണ്ടാണ് താൻ പത്തനംതിട്ട എസ്പി സുജിത് കുമാറിന്റെ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിട്ടതെന്നും എംഎൽഎ വ്യക്തമാക്കി. ഇതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുജിത്ത് ദാസ് ഐപിഎസ് നേരത്തെ കസ്റ്റംസിൽ ആയിരുന്നു. കസ്റ്റംസിനെ വെട്ടിച്ചു നിരവധി കേസുകളാണ് പോലീസ് റോഡിൽ പിടിക്കുന്നത്. ഇത് സ്വർണക്കടത്തുമായി ബന്ധം ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റംസിലുള്ള ഉദ്യോഗസ്ഥർ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പോലീസിന് വിവരം നൽകും. പിടിച്ചെടുക്കുന്നതിൽ നിന്ന് സ്വർണം കവരും. ഇതാണ് രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും എംഎൽഎ രൂക്ഷ വിമര്‍ശനമുന്നയിച്ചു. പി.ശശിയെയും എം.ആര്.അജിത്കുമാറിനെയും മുഖ്യമന്ത്രി വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിച്ചതാണ്. എന്നാല്‍ അവര്‍ ആ ചുമതലകള്‍ കൃത്യമായി ചെയ്തില്ല. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുന്നെന്നും എംഎല്‍എ പറഞ്ഞു.