തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ പഠനത്തിൽ ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകി. വയനാടിനൊപ്പം ഈ നാട് മുഴുവനും ഒറ്റക്കെട്ടായി ഉണ്ട്. എല്ലാ കുഞ്ഞുങ്ങളും പഠിച്ചുമുന്നേറണം, വിദ്യാഭ്യാസ വകുപ്പ് കൂടെയുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
വിദ്യാർഥികൾക്ക് 40 ദിവസത്തെ പഠനം നഷ്ടമായിട്ടുണ്ട് അതുകൊണ്ടുതന്നെ അധിക ക്ലാസെടുത്ത് പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിംഗ് ഏർപ്പെടുത്തുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും. വെള്ളാർമല സ്കൂളിലെ തകരാത്ത കെട്ടിടം ദുരന്തത്തിന്റെ സ്മാരകമായി നിലനിർത്തുമെന്നും ശിവൻകുട്ടി അറിയിച്ചു.
അതേസമയം, വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിൽ അറിവിന്റെ മുറ്റത്തേയ്ക്ക് വീണ്ടും അവർ ചിരിക്കുന്ന മുഖവുമായി എത്തി. കൂട്ടുകാരിൽ പലരേയും ഉരുൾ കവർന്നെടുത്തു. സുഹൃത്തുക്കളുടെ വിയോഗം തീരാ നോവായി മനസിൽ സൂക്ഷിച്ച് അറിവിന്റെ പുതു ലോകത്തേക്ക് കുരുന്നുകൾ ചുവടുവച്ചെത്തി.