ജയ്പുർ: രാജസ്ഥാനിൽ പരിശീലനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു.
പൈലറ്റ് രക്ഷപ്പെട്ടു. ബാർമറിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തോടെ ജനവാസ മേഖലയിൽനിന്നു ദൂരെയാണു യുദ്ധവിമാനം തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു.
വിമാനത്തിനു ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചതായി വ്യോമസേന അറിയിച്ചു. ബാർമർ സെക്ടറിൽ പതിവു രാത്രി പരിശീലന ദൗത്യത്തിനിടെ മിഗ് -29 യുദ്ധവിമാനം സാങ്കേതിക തടസം നേരിട്ടു. ഇതേതുടർന്നാണ് അപകടമുണ്ടായത്. പൈലറ്റ് സുരക്ഷിതനാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയർഫോഴ്സ് അറിയിച്ചു.