തിരുവനന്തപുരം: കേരളത്തിലെ ബറ്റാലിയനുകളിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ ഉറക്കം കെടുത്തി മേലുത്തരവുകൾ. ഓഗസ്റ്റ് 29ന് ബറ്റാലിയനുകളിൽ ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജിയുടെ നിർദേശത്തിൽ അർധരാത്രി സർപ്രൈസ് പരിശോധന നടത്തിയത് മുതലാണ് ബറ്റാലിയൻ പോലീസുകാരുടെ ഉറക്കവും സമാധാനവും നഷ്ടമായത്.
എസ്എപി ബറ്റാലിയനിൽ നേരിട്ട് പരിശോധന നടത്തിയ ഡിഐജി പോലീസുകാർക്ക് അർധരാത്രിയിൽ പരേഡും പിടിയും നടത്തിയത് പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ അടക്കം വലിയ ചർച്ചയായിരുന്നു.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിരുവനന്തപുരത്ത് നടത്തിയ സന്ദർശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ തിരിച്ചുവിളിച്ച് നൈറ്റ് പരേഡ് നടത്തുന്ന സാഹചര്യവും എസ്എപി ബറ്റാലിയനിലുണ്ടായി.
ഡ്യൂട്ടി കഴിഞ്ഞ് വിശ്രമത്തിലുണ്ടായിരുന്ന പോലീസുകാരെയും പുലർച്ചെ വിവിഐപി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പോലീസുകാരെയും നൈറ്റ് പരേഡ് നടത്തിയത് പോലീസുകാർക്കിടയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വിവിധ ബറ്റാലിയൻ പ്രതിനിധികൾ ഇത്തരത്തിലുള്ള ഉദ്യോഗസ്ഥ മനോഭാവത്തിനെതിരെ വലിയ വിമർശനം ഉന്നയിച്ചു.
കെഎപി രണ്ടാം ബറ്റാലിയനിൽ പുലർച്ചെ മൂന്ന് മണി വരെ കമാൻഡന്റിന്റെ നേതൃത്വത്തിൽ നൈറ്റ് പരേഡ് നടന്നത് തുടർച്ചയായ രണ്ടു ദിവസങ്ങളിലാണ്. എസ് എ പി ബറ്റാലിയനിൽ നൈറ്റ് പരേഡിൽ പങ്കെടുക്കാത്ത പോലീസുകാർക്ക് തുടർച്ചയായ ശിക്ഷാ നടപടികളാണ് നടന്നു വരുന്നതെന്നും ആക്ഷേപമുയർന്നു.
അപകടത്തിൽ ഒരു കൈ പൂർണമായും നഷ്ടപ്പെട്ട പോലീസുകാരനും ശ്വാസകോശം അറുപത് ശതമാനത്തിലധികം പ്രവർത്തനക്ഷമമല്ലാത്ത മറ്റൊരു പോലീസുകാരനും ഉൾപ്പെടെയുള്ളവർക്കെതിരേ ശിക്ഷാ നടപടികളുടെ ഭാഗമായി പങ്കെടുക്കാത്തതിന് വിശദീകരണം തേടിയിട്ടുണ്ട്.
ലോക്കൽ പോലീസിലെ ഡ്യൂട്ടി ഭാരവും അമിത മാനസിക സമ്മർദവും കാരണം ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ പല ജില്ലകളിലേക്കും പോലീസുകാർ ജോലി ചെയ്യാൻ തയാറാവാത്ത സ്ഥിതി നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ ബറ്റാലിയനുകളിൽ തുടരാൻ പോലീസുകാർ തീരുമാനിക്കുന്നതുകൊണ്ടാണ് ബറ്റാലിയനിലെ പോലീസുകാരെ ഉപദ്രവിക്കുന്ന തരത്തിൽ ഉദ്യോഗസ്ഥർ പെരുമാറുന്നത് എന്നാണ് ലോക്കൽ പോലീസിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ വിമർശിക്കുന്നത്.
ഉന്നത വിദ്യാഭ്യാസമുള്ള യുവതലമുറയാണ് പോലീസ് സേനയിലേക്ക് കടന്നുവരുന്നത്. പോലീസ് ജോലി ഉപേക്ഷിച്ച് താഴ്ന്ന ജോലി തേടി പോകുന്നവരുടേയും വർഷങ്ങളോളം ലീവ് എടുത്തു മറ്റു ജോലികൾ തേടുന്നവരുടെയും എണ്ണം പോലീസിൽ കൂടി വരികയാണ്.
പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമർദം കുറച്ച് ആത്മഹത്യ, സ്വയം വിരമിക്കൽ ഇവയൊക്കെ കുറയ്ക്കുന്നതിന്റെ ഭാഗമായി ലോആൻഡ് ഓർഡർ എഡിജിപി ഇറക്കിയ കാവൽ കരുതൽ ഫ്രൈ ഡേ ബോക്സ് പദ്ധതി ഉത്തരവായി ആഴ്ച്ചകൾക്കുള്ളിൽ തന്നെ ബറ്റാലിയനിൽ നടപ്പിലാക്കുന്ന പ്രാകൃത നടപടികൾ എഡിജിപിയെ മൂലക്കിരുത്താനാണ് എന്ന ആക്ഷേപവും ഉദ്യോഗസ്ഥർക്കിടയിലുണ്ട്.